പിറന്നാള്‍ ദിനത്തില്‍ 15,000 പച്ചക്കറി വിത്തുകള്‍ നല്കി ആദിശ്രീ
1496676
Sunday, January 19, 2025 11:04 PM IST
നെടുങ്കണ്ടം: പിറന്നാള്‍ ദിനത്തില്‍ 15,000ലധികം പച്ചക്കറി വിത്തുകള്‍ സൗജന്യമായി നല്കി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ആദിശ്രീ. നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂള്‍ വിദ്യാര്‍ഥിനിയായ ആദിശ്രീ തന്റെ പത്താം പിറന്നാളിനോട് അനുബന്ധിച്ചാണ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പച്ചക്കറി വിത്തുകള്‍ നല്‍കിയത്.
ഉജ്വലബാല്യം പുരസ്കാര ജേതാവും പരിസ്ഥിതി സംരക്ഷകയുമാണ് ആദിശ്രീ ആര്. നായര്‍. 610 കുട്ടികള്‍ക്കും 25 അധ്യാപകര്‍ക്കും പച്ചക്കറി വിത്തുകള്‍ നല്കി. നെടുങ്കണ്ടം, ഉടുമ്പന്‍ചോല എന്നിവിടങ്ങളില്‍ ഇതിനോടകം 2000 ഓളം വൃക്ഷത്തൈകളാണ് ആദിശ്രീ നട്ടുപിടിപ്പിച്ചത്. മൂന്നാം പിറന്നാളിന് പിതാവ് അനില്‍ കുമാര്‍ സമ്മാനിച്ച പ്ലാവിന്‍തൈ നട്ടായിരുന്നു ആദിശ്രീ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.