ദേശീയപാതയിൽ ഒൻപത് മണിക്കൂറിനിടെ മൂന്ന് അപകടങ്ങൾ
1496665
Sunday, January 19, 2025 11:04 PM IST
വണ്ടിപ്പെരിയാർ: ദേശീയപാതയിൽ ഒൻപത് മണിക്കൂറിനിടെ മൂന്ന് അപകടങ്ങൾ. ശനിയാഴ്ച്ച രാത്രി 11ഒാടെയാണ് ആദ്യ അപകടം ഉണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ട്രാവലർ വാൻ വണ്ടിപ്പെരിയാർ 57 -ാം മൈലിന് സമീപം റോഡിൽനിന്നു തെന്നിമറിയാണ് അപകടം ഉണ്ടായത്. അയ്യപ്പഭക്തരുടെ വാഹനം മുൻപേ പോയ ലോറിയിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. 17 ഓളം അയ്യപ്പഭക്തരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
വെളുപ്പിനെ മൂന്നോടെ മറ്റൊരു അപകടം ഉണ്ടായി. വണ്ടിപ്പെരിയാർ വാളാർഡി കവലക്ക് സമീപം പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മൺഭിത്തിയിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു. രണ്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. തമിഴ്നാട് തേനിയിൽനിന്നു ചരക്ക് കയറ്റുന്നതിനായി വാഹനം റാന്നിയിലേക്ക് പോകുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിനു കാരണമെന്നു പറയുന്നു.
വണ്ടിപ്പെരിയാർ 57-ാം മൈൽ ട്രിനിറ്റി സ്കൂളിന് സമീപം ഞായറാഴ്ച്ച രാവിലെ എട്ടോടെ മറ്റൊരു അപകടവും ഉണ്ടായി. കർണാടക സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്ന് നിയന്ത്രണം വിട്ട വാഹനം ഭിത്തിയിൽ ഇടിച്ചു കയറുകയായിരുന്നു. വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു.
മണ്ഡലകാല മകരവിളക്ക് മഹോത്സവം കഴിഞ്ഞതിനുശേഷം ദേശീയപാതയിൽ അയ്യപ്പഭക്തരുടെ വാഹനങ്ങളും മറ്റു വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് വർധിക്കുകയാണ്. ഓട്ടോറിക്ഷയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാർ സ്വദേശിയായ ഓട്ടോ ഡ്രൈവർ അമുൽരാജ് മരണപ്പെട്ടിരുന്നു.