ജലാശയത്തിൽ ചാടിയ പെണ്‍കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി
1496402
Saturday, January 18, 2025 11:53 PM IST
കുടയത്തൂർ: നിറഞ്ഞുകിടക്കുന്ന മലങ്കര ജലാശയത്തിലേക്ക് ചാടിയ പതിനാറുകാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി. കോളപ്ര പാലത്തിൽനിന്നാണ് പെണ്‍കുട്ടി ജലാശയത്തിൽ ചാടിയത്. നാട്ടുകാരായ യുവാക്കളുടെ അവസരോചിതമായ ഇടപെടലാണ് പെണ്‍കുട്ടിയുടെ ജീവൻ രക്ഷിച്ചത്.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. ബാഗുമായി നടന്നു വന്ന പെണ്‍കുട്ടി ബാഗ് പാലത്തിൽ വച്ച ശേഷം ഡാമിലേക്ക് ചാടുകയായിരുന്നു. പാലത്തിന്റെ മധ്യഭാഗത്തുനിന്ന് ആഴമേറിയ ഭാഗത്താണ് പെണ്‍കുട്ടി ചാടിയത്. ഈ സമയം പാലത്തിലൂടെ കുട്ടികളുമായി ബൈക്കിൽ വന്ന അഞ്ചിരി കുട്ടപ്പൻ കവല സ്വദേശിയായ യുവാവാണ് പെണ്‍കുട്ടി ഡാമിലേക്ക് ചാടുന്നത് കണ്ടത്. ഇയാൾ ഉടനെ ബൈക്ക് പാലത്തിൽ നിർത്തി ഡാമിലേക്ക് പെണ്‍കുട്ടിയെ രക്ഷിക്കാനായി ചാടി. വിവരമറിഞ്ഞ് ഓടിയെത്തിയവരുടെ സമീപം കുട്ടികളെ നിർത്തിയ ശേഷമാണ് ഇയാൾ ഡാമിലേക്ക് ചാടിയത്.
വിവരമറിഞ്ഞ് എത്തിയ പ്രദേശവാസികളായ അഖിൽ, ബാബു എന്നിവരും ഡാമിലേക്ക് ചാടി പെണ്‍കുട്ടിയുടെ അടുത്തെത്തി. ജലാശയത്തിൽ താഴ്ന്നുപോകാതെ ഇവർ പെണ്‍കുട്ടിയെ താങ്ങി നിർത്തി. ഈ സമയം നാട്ടുകാർ പാലത്തിൽനിന്നു കയർ ഇട്ടു കൊടുത്തു. കയറിൽ പിടിച്ച് പെണ്‍കുട്ടിയുമായി ആഴമേറിയ ഭാഗത്ത്നിന്ന് ആഴം കുറഞ്ഞ ഭാഗത്തേക്ക് ഇവർ നീന്തിയെത്തി. പിന്നീട് കരയിലെത്തിച്ച് തൊടുപുഴ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി അപകടനില തരണം ചെയ്തു.