ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമല്ലെന്ന് പരാതി
1496671
Sunday, January 19, 2025 11:04 PM IST
തൊടുപുഴ: നഗരസഭയിൽ വെങ്ങല്ലൂരിന് സമീപം ഉയർന്ന പ്രദേശങ്ങളിൽ ജല അഥോറിറ്റിയുടെ കുടിവെള്ളം മുടങ്ങുന്നതായി പരാതി. അറ്റകുറ്റപ്പണികളുടെയും വിതരണ ശൃംഖലയിലെ തകരാറുകൾ പരിഹരിക്കുന്നുവെന്ന പേരിലാണ് തുടർച്ചയായി കുടിവെള്ള വിതരണം മുടങ്ങുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
വെളളം കിട്ടാതായതോടെ ഈ ഭാഗത്തെ ഉപഭോക്താക്കൾ ദിനംപ്രതി വാട്ടർ അഥോറിറ്റി അധികൃതരെ ബന്ധപ്പെടുന്നുണ്ടെങ്കിലും ഉടൻ പരിഹാരം ഉണ്ടാകുമെന്ന് മാത്രമാണ് മറുപടി. ആഴ്ചകളായി ഇവിടെ വെള്ളം ലഭ്യമാകാത്ത അവസ്ഥയാണ്.
ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം പന്പ് ചെയ്യുന്പോഴുണ്ടാകുന്ന മർദത്തിൽ പൈപ്പുകൾ പൊട്ടുമോയെന്ന ആശങ്കയിൽ അധികൃതർ ഇതിന് തയാറാവാത്തതാണ് കുടിവെള്ളം നിഷേധിക്കപ്പെടുന്നതിന് പിന്നിലെന്നാണ് ഉപഭോക്താക്കളുടെ ആക്ഷേപം. ഉയരം കുറഞ്ഞ പ്രദേശങ്ങളിൽ കുടിവെള്ളം തടസമില്ലാതെ ലഭിക്കുന്നുണ്ട്.
ഇതിന്റെ തുടർച്ചയായി പൈപ്പ് കടന്ന് പോകുന്ന ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്തുന്നുമില്ല.
ഇതിനിടെ താഴ്ന്ന പ്രദേശങ്ങളിലുള്ള ഏതാനും കുടിവെള്ള പൈപ്പുകളിൽ നിന്നും ഹോസും മറ്റും ഉപയോഗിച്ച് അനധികൃതമായി വെള്ളം സംഭരിക്കുന്നതായും പരാതിയുണ്ട്. ചിലർ പൈപ്പിൽനിന്നുള്ള വെള്ളം കിണർ റീച്ചാർജ് ചെയ്യാൻ ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്.
പ്രദേശത്തെ മിക്ക വിടുകളുടെയും കുടിവെള്ളത്തിനുള്ള ഏക മാർഗം പൊതു ജലവിതരണ സംവിധാനമാണ്.
വിവിധ കാരണങ്ങൾ പറഞ്ഞ് കുടിവെള്ളം നിഷേധിക്കുന്ന വാട്ടർ അഥോറിറ്റി അധികൃതരുടെ അലംഭാവത്തിനെതിരേ ഉന്നത ഉദ്യോഗസ്ഥർക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ഉപഭോക്താക്കൾ.