ഇത് വെറും തൊഴിലുറപ്പല്ല; വിളസമൃദ്ധിയുടെ കൂട്ടായ്മ
1496667
Sunday, January 19, 2025 11:04 PM IST
ടി.പി. സന്തോഷ്കുമാർ
തൊടുപുഴ: തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള ജോലികൾ പല പഞ്ചായത്തുകളിലും വഴിപാടായി മാറുന്പോൾ കുമാരമംഗലം പഞ്ചായത്തിലെ 12-ാം വാർഡിൽ ഒരു കൂട്ടം തൊഴിലുറപ്പു തൊഴിലാളികൾ നടത്തിയ കൃഷി നാടിനാകെ മാതൃകയായി മാറുന്നു. ഉപേക്ഷിക്കപ്പെട്ടു കിടന്ന തരിശുനിലം ഏറ്റെടുത്ത് വാർഡ് മെംബറുടെ നേതൃത്വത്തിൽ നടത്തിയ വാഴയും മരച്ചീനിയടക്കമുള്ള കൃഷി വിജയഗാഥ രചിക്കുകയായിരുന്നു. തഴച്ചു വളർന്നുനിൽക്കുന്ന വാഴയും മരച്ചീനിയും ഇവരുടെ കഠിനാധ്വാനത്തോടെയുള്ള ജോലിയുടെ ഉത്തമോദാഹരണമാണ്.
തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജോലികൾ ഇപ്പോൾ കൂടുതലും കൃഷിയുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. സ്ഥലം കൃഷിക്ക് പര്യാപ്തമാക്കുക, വിളകൾ നടുന്നതിനായി കുഴിയെടുക്കുക, കൈയാല നിർമിക്കുക, കാടു വെട്ടിത്തെളിക്കുക തുടങ്ങി വിവിധ ജോലികളാണ് ഇപ്പോൾ ചെയ്തുവരുന്നത്. സ്ഥല ഉടമസ്ഥൻ ചൂണ്ടിക്കാണിക്കുന്ന ഭൂമിയിൽ ഇത്തരം ജോലികൾ ചെയ്യുകയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം. എന്നാൽ തൊഴിലുറപ്പു പദ്ധതിയിലൂടെ തൊഴിലാളികൾ, സ്ഥലം ഉടമ എന്നിവർക്കു പുറമേ നാടിനുകൂടി ഗുണകരമാകുന്ന ദൗത്യത്തിനാണ് പഞ്ചായത്തംഗമായ സജി ചെന്പകശേരി മുന്നിട്ടിറങ്ങിയത്.
കുമാരമംഗലം പഞ്ചായത്തിലെ അരീക്കര ഭാഗത്ത് കൃഷി ചെയ്യാനാവാതെ ഉപേക്ഷിക്കപ്പെട്ടു കിടന്ന സ്ഥലം സജിയുടെ ശ്രദ്ധയിൽപ്പെട്ടു. എക്കൽ അടിഞ്ഞും തോട്ടിലെ നീർച്ചാൽ വറ്റി വരണ്ടും കാടും പടലും മൂടിക്കിടന്ന സ്ഥലത്ത് കൃഷിയിറക്കുക എന്നത് അപ്രാപ്യമായ കാര്യമായിരുന്നു. സ്ഥലം ഉടമ കലൂർക്കുന്നേൽ ജസ്റ്റിനോട് കൃഷിക്കായി സ്ഥലം ആവശ്യപ്പെട്ടു.
21 പേരടങ്ങുന്ന തൊഴിലുറപ്പു തൊഴിലാളികൾ കൃഷിയിടത്തിലിറങ്ങി. കാടും പടലും വെട്ടി നീക്കി സ്ഥലത്ത് ചാലു കീറി കൃഷിക്ക് അനുയോജ്യമാക്കി. പിന്നീട് 56 സെന്റ് സ്ഥലത്ത് നേന്ത്രവാഴ കൃഷിയിറക്കി. ഇപ്പോൾ വാഴകൾ വളർന്നു. ഇതിനോട് ചേർന്ന് പശുക്കൾക്ക് നൽകുന്ന തീറ്റപ്പുല്ലും കൃഷി ചെയ്തിട്ടുണ്ട്.
ഇതിനു സമീപത്തു തന്നെയുള്ള മിത്രാലയം ഹരിദാസിന്റെ എണ്പത് സെന്റ് സ്ഥലത്തും സമാന രീതിയിൽ കൃഷിയിറക്കിയിട്ടുണ്ട്. ഇവിടെ റബർ മരങ്ങൾ വെട്ടി നീക്കിയ ശേഷം ഭൂമി തരിശായി കിടക്കുകയായിരുന്നു. തറഞ്ഞുകിടക്കുന്ന ഭൂമി കൃഷിക്ക് അനുയോജ്യമാക്കി. നേന്ത്രവാഴയും ഞാലിപ്പൂവൻ വാഴയും മരച്ചീനിയും നട്ടു. ഇപ്പോൾ ഇവ രണ്ടര മാസത്തോളം വളർച്ചയെത്തി.
തൊഴിലാളികൾക്ക് പരമാവധി തൊഴിൽ ദിനങ്ങൾ ലഭ്യമാകുന്നതിനു പുറമേ പദ്ധതി വഴി കൃഷിയെ പരമാവധി വിപുലീകരിക്കുക എന്ന ലക്ഷ്യമാണ് നടപ്പാക്കുന്നതെന്ന് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റു കൂടിയായ സജി ചെന്പകശേരി പറഞ്ഞു. തൊഴിലുറപ്പ് മേറ്റ് പുഷ്പലതയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സംഘത്തിലെ കൂടുതൽ പേരും 60 വയസിനു മുകളിൽ പ്രായമുള്ളവരാണ്. പക്ഷെ തൊഴിലിടത്തിലിറങ്ങിയാൽ എല്ലാവരും ഒറ്റക്കെട്ടായി ജോലികൾ ചെയ്തു തീർക്കും.
കൃഷിയുടെ പ്രാഥമിക പ്രവർത്തനങ്ങളാണ് ഇവർ ഏറ്റെടുക്കുന്നതെങ്കിലും വിളവെടുപ്പ് വരെയുള്ള ഓരോ ഘട്ടങ്ങളും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. വാർഡ് മെംബർ സജി ചെന്പകശേരിക്കു പുറമേ പ്രസിഡന്റ് ഗ്രേസി തോമസ്, വൈസ് പ്രസിഡന്റ് സിബിൻ വർഗീസും എന്നിവരും ഇവരുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകി വരുന്നുണ്ട്.