ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കുന്നം-മുതലക്കോടം ബൈപാസ്
1496672
Sunday, January 19, 2025 11:04 PM IST
തൊടുപുഴ: ബജറ്റിൽ പ്രതീക്ഷ അർപ്പിച്ച് കുന്നം-മുതലക്കോടം ബൈപാസ് നിർമാണം. ഉടുന്പന്നൂർ - മങ്ങാട്ടുകവല റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി കുന്നത്തുനിന്നു തുടങ്ങി മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയുടെ പിൻഭാഗം വഴി സെന്റ് ജോർജ് ഗ്രൗണ്ടിന് അടുത്തെത്തി അവിടെനിന്നും ഇല്ലിച്ചുവട് -പെട്ടേനാട്-മടത്തിക്കണ്ടം വഴി ഏഴല്ലൂർ റോഡിൽ പ്രവേശിച്ച് മങ്ങാട്ടുകവല നാലുവരിപാതയിലെത്തുന്നതാണ് നിർദിഷ്ട ബൈപാസ്. ഇത് നഗരസഭയുടെ ടൗണ്‍ പ്ലാനിംഗിലും ഉൾപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ ബൈപാസ് നിർമാണം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ആരാഞ്ഞ് പൊതുമരാമത്ത് വകുപ്പ് നഗരസഭയ്ക്ക് കത്തു നൽകിയിരുന്നെങ്കിലും ഇതിന് മറുപടി നൽകിയത് മാസങ്ങൾ വൈകിയാണ്. ഇതാണ് ഫയൽ നീക്കത്തിന് തടസമായത്. എന്നാൽ കഴിഞ്ഞദിവസം റോഡു കടന്നുപോകുന്ന പ്രദേശത്തെ റെസിഡന്റ്സ് അസോസിയേഷനുകൾ നഗരസഭയിലെത്തി ഫയൽ സംബന്ധിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ നഗരസഭ പൊതുമരാമത്തുവകുപ്പിന് മറുപടിക്കത്ത് കൈമാറി.
ഇതോടെ പൊതുമരാമത്തു വകുപ്പിൽനിന്ന് ഫയൽ ഇടുക്കി എക്സിക്യൂട്ടിവ് എൻജിനിയറുടെ ഓഫീസിലേക്കയച്ചു. ഇനി പൊതുമരാമത്തുവകുപ്പിൽനിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് സർവേയും ഭുമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രാഥമിക നടപടികളിലേക്കും കടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.