നെടുങ്കണ്ടം സിഎച്ച്സിയിൽ കിടത്തി ചികിത്സയ്ക്കായി സമരപരമ്പര
1497244
Wednesday, January 22, 2025 3:31 AM IST
രാജാക്കാട്: മുല്ലക്കാനത്ത് പ്രവർത്തിക്കുന്ന രാജാക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റു ജീവനക്കാരെയും നിയമിച്ച് ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ച് കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരപരമ്പര തുടരുകയാണ്.
മുല്ലക്കാനത്ത് പ്രവർത്തിക്കുന്ന സെവൻസ് ഓട്ടോ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. രണ്ടു മാസം മുൻപ് യുഡിഎഫിന്റെ നേതൃത്വത്തിൽ ആശുപത്രി പടിക്കൽ സമരം നടത്തിയിരുന്നു.
നാല് പതിറ്റാണ്ട് മുൻപ് ആറ് പഞ്ചായത്തുകളുടെ കേന്ദ്രമായി പ്രവർത്തനം ആരംഭിച്ച് സാമൂഹ്യാരോഗ്യ കേന്ദ്രമായി ഉയർത്തപ്പെട്ട രാജാക്കാട് സിഎച്ച്സിയിൽ ഇന്നും ഒരു ഡോക്ടറും ഒരു സ്റ്റാഫ് നഴ്സുമാണ് സർക്കാരിന്റെ നിയമനത്തിലുള്ളത്. എൻഎച്ച്എം, ദിവസ വേതനക്കാർ ഉൾപ്പെടെയുള്ള ചില ജീവനക്കാരുടെ സഹകരണം കൊണ്ടാണ് ആശുപത്രി പ്രവർത്തിക്കുന്നത്.
കിടത്തിച്ചികിത്സ ഉണ്ടായിരുന്ന കാലത്ത് ബ്ലോക്ക് പഞ്ചായത്ത് നിയമിച്ച എല്ലാ ജീവനക്കാരെയും പിരിച്ചുവിട്ടിട്ട് ആറു മാസത്തിലധികമായി. അടിമാലി താലൂക്കാശുപത്രിയിൽ ഒപി ടിക്കറ്റിന് അഞ്ചു രൂപ വാങ്ങുമ്പോൾ ഇവിടെ 10 രൂപയാണ് ഒപി ടിക്കറ്റിനു വർഷങ്ങളായി വാങ്ങുന്നത്. ആശുപത്രി വികസനസമിതി ഒപി തുക കൂടുതൽ വാങ്ങുന്നതല്ലാതെ ആശുപത്രി നന്നായി പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നില്ല. മുൻപ് ജോലി ചെയ്തിരുന്ന ഒരു ലേഡി ഡോക്ടർ മതിയായ വേതനം ലഭിക്കാത്തതിനാൽ ഇവിടുത്തെ സേവനം മതിയാക്കി.
മാസശമ്പളം നൽകിയിരുന്ന ഡോക്ടർക്ക് ദിവസ വേതനം നൽകാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ഉണ്ടായത്. വേതനം കുറച്ചതു സംബന്ധിച്ച് ഡോക്ടർ സർക്കാരിനു പരാതി നൽകിയിട്ടുണ്ട്.
ജീവനക്കാർക്ക് കരാറടിസ്ഥാനത്തിലും ദിവസവേതനാടിസ്ഥാനത്തിലും നൽകാനുള്ള തുക നെടുങ്കണ്ടം ബ്ലോക്കു പഞ്ചായത്ത് അനുവദിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. ഇതു വേണ്ടവിധം ഉപയോഗിക്കുന്നതിൽ ആശുപത്രിയുടെ ചുമതലയുള്ള ഓഫീസർ വീഴ്ചവരുത്തിയതായാണ് പരാതി.
സ്വകാര്യ ആശുപത്രികളെ സഹയിക്കാനും രോഗികൾ ഇല്ലാതെ വരുമ്പോൾ സിഎച്ച്സിയെ പിഎച്ച്സിയായി തരംതാഴ്ത്തുന്നതിനുമുള്ള ബോധപൂർവമായ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നതെന്നും ആരോപണമുണ്ട്.
300 ഒപി ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ 150ൽ താഴെയായി. ഡോക്ടർ ഇല്ലാത്തതിനാൽ പല ദിവസവും സിഎച്ച്സി അടച്ചിടുന്ന അവസ്ഥയായി. കാര്യക്ഷമമായി പ്രവർത്തിക്കുന്ന മെഡിക്കൽ ഓഫീസറെ നിയമിക്കണമെന്ന് ബ്ലോക്ക പഞ്ചായത്തും നാട്ടുകാരും ആവശ്യപ്പെടുമ്പോഴും ഭരണകക്ഷിയിൽപ്പെട്ട ഉന്നത നേതാവിന്റെ ഒത്താശയോടെയാണ് മെഡിക്കൽ ഓഫീസർ പ്രവർത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്.
എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള ആശുപത്രിയിൽ കിടത്തിച്ചികിത്സയും ആവശ്യമായ മരുന്നും എത്തിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി രണ്ടാംഘട്ട ധർണ നടത്തും. 27ന് സി പിഎം മുല്ലക്കാനം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.