റോഡ് നിർമാണത്തിന്റെ തടസം നീങ്ങിയില്ല
1496951
Tuesday, January 21, 2025 12:01 AM IST
വണ്ണപ്പുറം: നെയ്യശേരി-തോക്കുന്പൻ സാഡിൽ റോഡിന്റെ ഭാഗമായ മണിയൻസിറ്റി - നാരങ്ങാനം റോഡ് നിർമാണം പുനരാരംഭിക്കാനുള്ള തടസം നീങ്ങിയില്ല. റോഡ് നിർമാണത്തിനു തടസമായി നിന്ന മരം നാട്ടുകാർ മുറിച്ചതിന്റ പേരിൽ കരാർ കന്പനി ജീവനക്കാരെയും കെഎസ്ടിപി ഉദ്യോഗസ്ഥരെയും പ്രതികളാക്കി വനംവകുപ്പ് എടുത്ത കേസിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം കാളിയാർ റേഞ്ച് ഓഫീസർ അംഗീകരിക്കാത്തതിനെ ത്തുടർന്നാണ് ഈ ഭാഗത്തെ റോഡ് നിർമാണം ഉപേക്ഷിക്കുന്നതെന്ന് കന്പനി അധികൃതർ പറഞ്ഞു.
റോഡു നിർമാണം നടത്തുന്പോൾ വനംവകുപ്പ് ഉൾപ്പെടെ ഏതെങ്കിലും വകുപ്പുകൾ തടസവാദവുമായി വന്നാൽ പ്രശ്നം പരിഹരിക്കാതെ നിർമാണം നടത്തുകയില്ലെന്ന് കരാർ സമയത്തു തന്നെ കെഎസ്ടിപിയുമായി ധാരണയിലെത്തിയിരുന്നതായി കരാറു കാരനും കെഎസ്ടിപിയും പറയുന്നു.
അതിനാൽ വനംവകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ പിൻവലിച്ചാലും കേസിൽനിന്ന് ഒഴിവാക്കാതെ റോഡ് നിർമാണം പുനരാരംഭിക്കാൻ കരാറുകാരനെ നിർബന്ധിക്കാനാവില്ലെന്ന് കെഎസ്ടിപി അധികൃതർ വ്യക്തമാക്കി.
കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ടിപി അധികൃതർ കാളിയാർ റേഞ്ച് ഓഫീസർക്ക് കത്തു നൽകിയെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഇതുവരെ പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല.
റോഡു നിർമാണം തടസപ്പെടുന്നതിനെതിരേ മുഖ്യമന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
എന്നാൽ കരാർ കന്പനി ജീവനക്കാർക്കും കെഎസ്ടിപി ഉദ്യോഗസ്ഥർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഇവർ നേരിട്ട് ഹാജരായി വിശദീകരണം നൽകിയാൽ മാത്രമേ കേസിൽനിന്ന് ഒഴിവാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയു എന്നാണ് വനംവകുപ്പിന്റെ നിലപാട്.