പോക്സോ കേസിൽ അറസ്റ്റിൽ
1494227
Saturday, January 11, 2025 12:20 AM IST
ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. പൈനാവ് 56 കോളനി സ്വദേശി പൂവത്തുംകുന്നേൽ ബിനു മാത്യു (40) ആണ് അറസ്റ്റിലായത്. 15കാരിയെ ഇയാൾ പലതവണ പീഡിപ്പിച്ചതായാണ് പരാതി. സ്കൂളിൽ നടത്തിയ കൗൺസലിംഗിനിടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
ഇടുക്കി എസ്എച്ച്ഒ സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് എറണാകുളത്തുനിന്നു കഴിഞ്ഞദിവസം പ്രതിയെ പിടികൂടി. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നെടുങ്കണ്ടം: പോക്സോ കേസിൽ കോട്ടയം സ്വദേശിയെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം തലനാട് സ്വദേശി പുതുപ്പള്ളിമറ്റം പി.ടി. സഞ്ജു (30) ആണ് അറസ്റ്റിലായത്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തത്.
ഒരു വര്‍ഷം മുൻപ് സ്നാപ്ചാറ്റില്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി. അടുത്തിടെ പെണ്‍കുട്ടി സൗഹൃദം ഉപേക്ഷിച്ചതോടെ നഗ്നചിത്രങ്ങള്‍ ഇയാള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും പെണ്‍കുട്ടിയുടെ ബന്ധുക്കൾക്കടക്കം അയച്ചുനല്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നെടുങ്കണ്ടം സിഐ ജെര്‍ലിന്‍ വി. സ്കറിയയുടെ നേതൃത്വത്തിൽ എഎസ്ഐ ഹരികുമാര്‍, സിപിഒ സജീവന്, വനിതാ എഎസ്ഐ ശാന്തി എന്നിവരടങ്ങുന്ന സംഘമാണ് വെള്ളിയാഴ്ച പ്രതിയുടെ വീട്ടില്‍നിന്നു ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു