മുല്ലക്കാനം സിഎച്ച്സി വെന്റിലേറ്ററിൽ
1494223
Saturday, January 11, 2025 12:20 AM IST
രാജാക്കാട്: മുല്ലക്കാനത്തെ രാജാക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രം "ഗുരുതരാവസ്ഥയിൽ'. സിഎച്ച്സിയിൽ സ്പെഷലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെ കുറഞ്ഞത് ഏഴ് ഡോക്ടർമാരും 12 സ്റ്റാഫ് നഴ്സും അനുബന്ധ പാരാമെഡിക്കൽ സ്റ്റാഫും വേണമെന്നാണ് വ്യവസ്ഥ.
അതോടൊപ്പം കിടത്തിച്ചികിത്സ, എക്സ്-റേ, ഇസിജി,സ്കാനിംഗ്, ലാബ്, പോസ്റ്റ്മോർട്ടത്തിനുള്ള സൗകര്യം ഇതൊക്കെ വേണമെന്നും നിഷ്കർഷിക്കുന്നു. എന്നാൽ, ഇന്നത്തെ സ്ഥിതി തികച്ചും പരിതാപകരമാണ്. കിടത്തിച്ചികിത്സ നിലച്ചിട്ട് മാസങ്ങൾ പലതു കഴിഞ്ഞു. എക്സ്-റേ ഉണ്ടായിരുന്നത് പ്രവർത്തിക്കാതായി. മറ്റ് പരിശോധനാസംവിധാനങ്ങൾ ഒന്നുമില്ല.
ബ്ലോക്ക് മെഡിക്കൽ ഓഫീസറുൾപ്പെടെ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭിച്ചിരുന്ന ആശുപത്രിയാണിത്. ഇവിടെ ഉണ്ടായിരുന്നു രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സ്മാരെയും സിഎച്ച്സിയുടെ കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് സ്ഥലം മാറ്റി.
ബൈസൺവാലി, ചിന്നക്കനാൽ, ശാന്തൻപാറ, സേനാപതി, രാജകുമാരി, രാജാക്കാട് എന്നീ ആറ് പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പരിധിയിലുള്ള സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രമായിരുന്നു.
ദിവസവും 350 - 400 വരെ രോഗികളാണ് ഒപിയിൽ എത്തിയിരുന്നത്. ഡോക്ടർമാരില്ല, മരുന്നില്ല, പരിശോധന സംവിധാനങ്ങളില്ല തുടങ്ങിയ കാരണങ്ങളാൽ ഇപ്പോൾ രോഗികൾ എത്താൻ മടിക്കുകയാണ്.
ഇവിടെ നിലവിലുള്ളത് ഒരു ബ്ലോക്ക് മെഡിക്കൽ ഓഫീസർമാത്രമാണ്. അദ്ദേഹത്തിനു ആറ് പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ മേൽനോട്ടം,സബ് സെന്ററുകളുടെയും ടിബി സെന്ററുകളുടെയും പരിശോധന എന്നിവയും നടത്തണം. ഇതിനുപുറമേ വകുപ്പുതല മീറ്റിംഗുകൾക്കും പോകേണ്ടത് അദ്ദേഹം തന്നെയാണ്.
ത്രിതല പഞ്ചായത്തുകളും കേന്ദ്ര-സംസ്ഥാന സർക്കാരുകളും അനുവദിച്ച ദശലക്ഷക്കണക്കിന് ഫണ്ടുപയോഗിച്ച് രണ്ടേക്കറോളം സ്ഥലത്ത് കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നതു മാത്രമാണ് ഇവിടെയുള്ളത്. ഇപ്പോൾ കേന്ദ്ര സർക്കാരനുവദിച്ച 95.48 ലക്ഷം രൂപ മുടക്കി വനിതകൾക്കുവേണ്ടിയുള്ള കിടത്തിച്ചികിത്സയ്ക്കായി ബഹുനില കെട്ടിടം പണിയാരംഭിച്ചിരിക്കുകയാണ്. ഇതിനായി നിലവിലുണ്ടായിരുന്ന പോസ്റ്റുമോർട്ടത്തിനുള്ള കെട്ടിടം പൊളിച്ചുനീക്കുകയും ചെയ്തു.
സർക്കാരിന്റെ ആവശ്യപ്രകാരം നാട്ടുകാർ വികസനസമിതി രൂപീകരിച്ച് പ്രവർത്തിച്ചാണ് രണ്ടേക്കർ സ്ഥലം വാങ്ങി സൗജന്യമായി സർക്കാരിന് നൽകിയത്. ആ സ്ഥലത്താണ് ഇപ്പോൾ ആശുപത്രി പ്രവർത്തിക്കുന്നത്. മന്ത്രി സിഎച്ച്സി ഉദ്ഘാടനം ചെ്തതോടെ കിടത്തിച്ചികിത്സക്കാവശ്യമായ ഭൗതികസൗകര്യങ്ങളും സംഭാവനയായി കിട്ടിയിരുന്നു.
പ്രാദേശിക ബിജെപി പ്രവർത്തകർ കട്ടിലുകളും വ്യാപാരികൾ അലമാരകളും മറ്റ് നിരവധി ഉപകരണങ്ങളും ആശുപത്രിക്കായി വാങ്ങി നൽകിയിരുന്നു. ഇതെല്ലാം നിലവിൽ നോക്കുകുത്തിയായിരിക്കുകയാണ്. രാജാക്കാട് നിവാസിയായ കെ.ടി. കുഞ്ഞ് പ്രസിഡന്റായുള്ള നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഈ ആശുപത്രി പ്രവർത്തിക്കുന്നത്.