വനംവകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ പിൻവലിച്ചു
1494220
Saturday, January 11, 2025 12:20 AM IST
തൊടുപുഴ: നിർമാണം നടന്നുവരുന്ന നെയ്യശേരി -തോക്കുന്പൻ സാഡിൽ റോഡിന്റെ തൊമ്മൻകുത്ത് മണിയൻ സിറ്റി മുതൽ നാരങ്ങാനം വരെയുള്ള ഭാഗത്തെ നിർമാണം തടഞ്ഞ് കാളിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ. മനോജ് നൽകിയ സ്റ്റോപ്പ് മെമ്മോ പിൻവലിച്ചു. കോതമംഗലം ഡിഎഫ്ഒ പി.യു. ഷാജുവിന്റെ നിർദേശ പ്രകാരമാണ് സ്റ്റോപ്പ് മെമ്മോ പിൻവലിച്ചത്. കഴിഞ്ഞ ദിവസമാണ് റോഡ് നിർമാണം തടഞ്ഞ് നിർമാണ ചുമതലയുള്ള പൊൻകുന്നം കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനിയർക്കും നിർമാണ കരാറുകാരനും കാളിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ കത്ത് നൽകിയത്.
നിർമാണം തടസപ്പെടുന്നതു മൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾ പി.ജെ. ജോസഫ് എംഎൽഎ ഫോണിലൂടെയും ത്രിതല പഞ്ചായത്തംഗങ്ങളും രാഷ്ട്രീയ നേതാക്കളും അടങ്ങുന്ന സംഘം നേരിട്ടും കോതമംഗലം ഡിഎഫ്ഒയെ ധരിപ്പിച്ചു. ഇതോടെയാണ് സ്റ്റോപ്പ് മെമ്മോ പിൻവലിച്ച് കാളിയാർ റേഞ്ച് ഓഫീസർ പുതിയ ഉത്തരവിറക്കിയത്. ചർച്ചകൾക്കും നിബന്ധനകൾക്കും ശേഷമാണ് വിവാദ സ്റ്റോപ്പ് മെമ്മോ പിൻവലിച്ചതെന്ന് റേഞ്ച് ഓഫീസറുടെ പുതിയ ഉത്തരവിൽ പറയുന്നു.
കോതമംഗലം ഡിഎഫ്ഒയുടെ നിർദേശ പ്രകാരം കെഎസ്ടിപി, പിഡബ്ല്യുഡി അധികൃതരും വിവിധ രാഷ്ട്രീയ സംഘടനാനേതാക്കളുമായി ചർച്ച നടത്തി.
മുണ്ടൻമുടി നാരങ്ങാനം റോഡിന്റെ നിർമാണത്തിന് തടസമായി നിന്നിരുന്ന മരങ്ങൾ നിയമവിരുദ്ധമായി മുറിച്ച് മാറ്റിയ കേസുമായി കെഎസ്ടിപി, പിഡബ്ല്യുഡി അധികൃതർ സഹകരിക്കുമെന്നും മുറിച്ചുമാറ്റപ്പെട്ട മരങ്ങൾ സൗകര്യ ്രദമായ സ്ഥലത്ത് എത്തിച്ച് തരുമെന്നും ഉറപ്പ് ലഭിച്ചു.
കെഎസ്ടിപി അധികൃതർ കാളിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായി നടത്തിയ ചർച്ചയിൽ റോഡ് നിർമാണത്തിന്റെ കരാർ ഏറ്റെടുത്തിരിക്കുന്ന അക്ഷയ കന്പനി പ്രോജക്ട് മാനേജർ നൗഫൽ, വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു, മെംബർ പി.ജി സുരേന്ദ്രൻ, സണ്ണി കളപ്പുരക്കൽ, പി.എം ഇല്യാസ്, സാബു ഏബ്രഹാം തുരുത്തിപ്പിള്ളിൽ എന്നിവരും പങ്കെടുത്തു.
റോഡ് നിർമാണം: ജനങ്ങൾ
സമരത്തിലേക്ക്
കരിമണ്ണൂർ: നെയ്യശേരി - തോക്കുന്പൻ സാഡിൽ റോഡ് നിർമാണത്തിന്റെ അപാകതകൾക്കെതിരേ ജനങ്ങൾ സമരത്തിലേക്ക്. വിവിധ കാരണങ്ങളാൽ റോഡിന്റെ നിർമാണം അനിശ്ചിതമായി നീണ്ടു പോകുന്നതിനെതിരേയാണ് ജനങ്ങൾ സമരം ശക്തമാക്കുന്നത്.
തൊമ്മൻകുത്ത് പാലം നിർമാണത്തിന് വനംവകുപ്പ് അനുമതി നൽകാത്തത്, മുളപ്പുറം മുതൽ തൊമ്മൻകുത്ത് ചപ്പാത്ത് വരെ വഴിവിളക്ക് ഇല്ലാത്തത്, ക്രാഷ് ബാരിയർ കോണ്ക്രീറ്റ് ചെയ്യാതെ സ്ഥാപിക്കുന്നത്, തൊമ്മൻകുത്ത് കവല ഉയർത്തിയത്, ഇനിയും മരങ്ങൾ മുറിക്കാനുള്ളത്, പോസ്റ്റ് മാറ്റി സ്ഥാപിക്കാനുള്ളത് തുടങ്ങിയ വിഷയങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
ഇതിന് മുന്നോടിയായി വിവിധ സമുദായ സംഘടനകളുടെ നേതൃത്വത്തിൽ ആലോചനായോഗം ചേർന്നു.
തൊമ്മൻകുത്ത് സെന്റ് തോമസ് പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി അധ്യക്ഷത വഹിച്ചു.
അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ, എംപി എന്നിവർക്ക് നിവേദനം നൽകാനും പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ രാപകൽ സമരം നടത്താനും യോഗം തീരുമാനിച്ചു.