അമിതവേഗം, നിയമലംഘനം: പരിശോധന ശക്തം
1494218
Saturday, January 11, 2025 12:20 AM IST
തൊടുപുഴ: വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനവും തടയാനുള്ള പ്രത്യേക വാഹന പരിശോധന ജില്ലയിൽ ശക്തിപ്പെടുത്തി മോട്ടോർ വാഹന വകുപ്പും പോലീസും. കഴിഞ്ഞ മാസം 15 മുതലാണ് മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്ത പരിശോധന ആരംഭിച്ചത്. കഴിഞ്ഞ ഒൻപതുവരെ 1021 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 14,13,700 രൂപയാണ് വിവിധ കേസുകളിൽ പിഴയീടാക്കിയതെന്ന് അധികൃതർ പറഞ്ഞു. പരിശോധന ഈ മാസം 15വരെ തുടരും.
ഹെൽമെറ്റ് ഉപയോഗിക്കാത്ത കേസുകളാണ് ഏറെയും പിടി കൂടിയത്. ഇതുമാത്രം മൂന്നൂറോളം കേസുകളുണ്ട്. സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, ഇൻഷ്വറൻസ്, ഫിറ്റ്നസ്, ലൈസൻസ്, പെർമിറ്റ് ഇല്ലാത്തവ, രജിസ്ട്രേഷൻ തീർന്നവ, നന്പർ പ്ലേറ്റ് കൃത്യമല്ലാത്തവ, നികുതി അടയ്ക്കാത്തവ, എയർഹോണ്, എക്സ്ട്രാ ലൈറ്റ് ഘടിപ്പിച്ചവ, അനധികൃത മാറ്റങ്ങൾ വരുത്തിയവ തുടങ്ങി വിവിധ കുറ്റകൃത്യങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.
തൊടുപുഴ, അടിമാലി, കട്ടപ്പന എന്നീ മൂന്ന് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. സമീപകാലത്ത് വാഹനാപകടങ്ങളും മരണങ്ങളും വർധിച്ച സാഹചര്യത്തിലാണ് സംസ്ഥാനാടിസ്ഥാനത്തിൽ വാഹന പരിശോധന ഉൗർജിതമാക്കിയത്.
ജില്ലയിൽ തൊടുപുഴ വെങ്ങല്ലൂർ-കോലാനി ബൈപാസ്, വെങ്ങല്ലൂർ, നെല്ലാപ്പാറ, മുട്ടം-ശങ്കരപ്പിള്ളി, മച്ചിപ്ലാവ് - അടിമാലി, മൂന്നാർ - ടോപ് സ്റ്റേഷൻ മേഖല, മൂന്നാർ ടൗണ്, മുണ്ടക്കയം -കുട്ടിക്കാനം മേഖല, വെള്ളയാംകുടി -അന്പലക്കവല എന്നിവിടങ്ങളിലാണ് അപകടസാധ്യത കൂടുതലായി കണ്ടെത്തിയിരിക്കുന്നത്.
ബ്ലാക്ക് സ്പോട്ടുകളായി വേർതിരിക്കാവുന്ന സ്ഥലങ്ങൾ ജില്ലയിലില്ല. മൂന്നുവർഷത്തിനിടെ 500 മീറ്റർ ദൂരത്തിൽ അഞ്ച് വലിയ അപകടങ്ങളോ 10 മരണങ്ങളോ സംഭവിക്കുന്പോഴാണ് സ്ഥലം ബ്ലാക്ക് സ്പോട്ടായി രേഖപ്പെടുത്തുക. കഴിഞ്ഞ ഒരുവർഷത്തെ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
തൊടുപുഴയിൽ അപകടം വർധിക്കുന്നു
തൊടുപുഴ: നഗരത്തോടു ചേർന്നുള്ള പല പാതകളും അപകടക്കെണിയായി മാറുകയാണ്. അമിതവേഗവും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും കാരണം ദിനംപ്രതി തൊടുപുഴ നഗരത്തോടുചേർന്ന് വിവിധ മേഖലകളിൽ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. ഇന്നലെ രാവിലെ വെങ്ങല്ലൂർ -കോലാനി ബൈപാസിൽ ഉണ്ടായ അപകടത്തിൽ മൂന്നു പേർക്ക് സാരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം വെങ്ങല്ലൂർ സിഗ്നൽ ജംഗ്ഷനിൽ ബസും രണ്ടും കാറുകളും കൂട്ടിയിടിച്ചും അപകടമുണ്ടായിരുന്നു.
വെങ്ങല്ലൂർ -കോലാനി ബൈപാസിൽ കാർ വൈദ്യുത പോസ്റ്റിലും മൂന്ന് വാഹനങ്ങളിലും ഇടിച്ചായിരുന്നു ഇന്നലെ രാവിലെ അപകടുണ്ടായത്. പുലർച്ചെ 6.30ഓടെ ബൈപാസിലുള്ള വേ ബ്രിഡ്ജിന് സമീപമായിരുന്നു അപകടം. മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. സ്കൂട്ടർ യാത്രികൻ മണക്കാട് വെട്ടിക്കൽ ജോബി (40), കാറിൽ സഞ്ചരിച്ച റിട്ട. എസ്പി സുരേഷ്കുമാർ (68), ഭാര്യ ഭാഗ്യലക്ഷ്മി(59), എന്നിവർക്ക് സാരമായി പരിക്കേറ്റു.
ഒപ്പമുണ്ടായിരുന്ന രാഹുൽ (31), ഐശ്വര്യ (31) എന്നിവർക്ക് നിസാര പരിക്കേയുള്ളു. ജോബിയുടെ തലയോട്ടിക്കും കാലിനും പൊട്ടലുണ്ട്. ഇയാളെ ആദ്യം തൊടുപുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വെങ്ങല്ലൂരുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേയ്ക്കും മാറ്റി. സുരേഷ്കുമാറിന്റെ തലയിൽ തുന്നലുണ്ട്. ഭാഗ്യലക്ഷ്മിയുടെ താടിയിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇരുവരും തൊടുപുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്നാറിലേക്ക് പോകുകയായിരുന്ന കൊല്ലം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. വൈദ്യുത പോസ്റ്റിലും റോഡരികിലുണ്ടായിരുന്ന രണ്ട് സ്കൂട്ടർ, ഒരു പിക്ക് അപ്പ് എന്നിവയിലുമിടിച്ചു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്. ജോബിയുടെ സ്കൂട്ടറിനും കാര്യമായ കേടുപാടുകളുണ്ട്. മറ്റ് രണ്ട് വാഹനങ്ങളിൽ ആളുകളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. വാഹനമോടിച്ചിരുന്നത് രാഹുലാണ്. ഉറങ്ങിപ്പോയതാകാമെന്ന് കരുതുന്നതായി തൊടുപുഴ പോലീസ് പറഞ്ഞു.
സിഗ്നൽ പ്രവർത്തനരഹിതം
വെങ്ങല്ലൂരിലെ സിഗ്നൽ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതാണ് കഴിഞ്ഞ ദിവസം ഇവിടെ വാഹനങ്ങളുടെ കൂട്ടിയിടിക്ക് കാരണമായത്. ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. ഒരു ബസും രണ്ട് കാറുകളുമാണ് കൂട്ടിയിടിച്ചത്. സിഗ്നൽ ബോർഡിലെ മഞ്ഞ ലൈറ്റ് ഏതാനും നാളുകളായി പ്രവർത്തന രഹിതമാണ്. പച്ച ലൈറ്റ് തെളിഞ്ഞശേഷം പെട്ടെന്ന് ചുവന്ന ലൈറ്റ് തെളിയും. ചുവന്ന ലൈറ്റ് തെളിയുന്നതോടെ വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടും. ഇതാണ് പുറകേ വരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കാൻ ഇടയാക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന് കീഴീലാണ് തൊടുപുഴയിലേക്കുള്ള കവാടമെന്നു പറയാവുന്ന വെങ്ങല്ലൂർ സിഗ്നലും കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം മോർ ജംഗ്ഷനിലെ സിഗ്നലും. മോർ ജംഗ്ഷനിലെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി. ഇവിടെ ട്രാഫിക് പോലീസാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പലപ്പോഴും തിരക്കേറിയ സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കാനാകാതെ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്.
വെങ്ങല്ലൂർ-കോലാനി, വെങ്ങല്ലൂർ-മങ്ങാട്ടുകവല ബൈപാസ്, വെങ്ങല്ലൂർ, കോലാനി ജംഗ്ഷനുകളിലൂടെ വിവിധ ജില്ലകളിൽ നിന്നുൾപ്പെടെ എത്തുന്ന നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ഇവിടെ അമിതവേഗ നിയന്ത്രണത്തിന് കാര്യമായ സംവിധാനങ്ങളില്ല. ഇതിനിടെ വിദ്യാർഥികളുടെ ഇരുചക്ര വാഹനങ്ങളിലെ അമിത വേഗവും തലവേദന സൃഷ്ടിക്കുന്നുണ്ട്. അപകടങ്ങൾ കൂടിയതോടെ പരിശോധന കർശനമാക്കാനാണ് മോട്ടോർവാഹന വകുപ്പിന്റെയും പോലീസിന്റെയും തീരുമാനം.