മകരവിളക്ക്: ഒരുക്കങ്ങൾ പൂർത്തിയാകുന്നു
1494221
Saturday, January 11, 2025 12:20 AM IST
ഇടുക്കി: ജില്ലയിൽ മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും വകുപ്പുകളുടെ ഏകോപനത്തിനുമായി ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗിനെ നോഡൽ ഓഫീസറായി നിയോഗിച്ചു. വിവിധ ഡ്യൂട്ടി പോയിന്റുകളിൽ ഡ്യൂട്ടി മജിസ്ട്രേറ്റ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, ഡ്യൂട്ടി മജിസ്ട്രേറ്റിനെ സഹായിക്കുന്നതിനുള്ള ജീവനക്കാർ എന്നിവരെയും നിയോഗിച്ചു.
പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിൽ ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് പോലീസുകാരെ വിന്യസിച്ച് സുരക്ഷാ പരിശോധനകളും നിരീക്ഷണവും കർശനമാക്കും. മകരവിളക്ക് ദർശനത്തിനെത്തുന്ന തീർഥാടകരുടെ സൗകര്യത്തിന് കുമളി ഡിപ്പോയിൽനിന്ന് വള്ളക്കടവ് -കോഴിക്കാനം റൂട്ടിൽ കെഎസ്ആർടിസി സർവീസുകൾ നടത്തും. ആറു സെന്ററുകളിൽ അഗ്നിരക്ഷ സേനയെ നിയോഗിക്കും. പുല്ലുമേടു മുതൽ കോഴിക്കാനം വരെ വാട്ടർ ടാങ്കുകൾ സജ്ജീകരിച്ച് കുടിവെള്ളം എത്തിക്കും.
പരുന്തുംപാറ, പുല്ലുമേട് എന്നിവിടങ്ങളിൽ ബാരിക്കേഡ് നിർമിക്കും. റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കാനം മുതൽ പുല്ലുമേടുവരെ ലൈറ്റുകൾ സജ്ജീകരിക്കും. സത്രം, മുക്കുഴി, പുല്ലുമേട്, കോഴിക്കാനം, പരുന്തുംപാറ, പാഞ്ചാലിമേട്, വണ്ടിപ്പെരിയാർ, താലൂക്ക് ഹോസ്പിറ്റൽ പീരുമേട് എന്നിവിടങ്ങളിൽ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ടീം, ആംബുലൻസുകളുടെ സേവനം എന്നിവ ഉറപ്പാക്കും.
ആയുർവേദ, ഹോമിയോ വകുപ്പുകളും മെഡിക്കൽ ടീമുകളെ സജ്ജമാക്കും. മോട്ടോർ വാഹനം, എക്സൈസ്, ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി തുടങ്ങിയ വകുപ്പുകളുടെ പരിശോധനകൾ ശക്തമാക്കും.
മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ഇടുക്കി, തേനി കളക്ടർമാരുടെ നേതൃത്വത്തിൽ ഓണ്ലൈനായി അന്തർ ജില്ലാ യോഗം നടന്നിരുന്നു. ഇന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ജില്ലയിലെ തുടർപ്രവർത്തനങ്ങൾ വിലയിരുത്തും.