പടക്ക വിൽപ്പനയ്ക്ക് അനുമതി വൈകി: കച്ചവടക്കാർക്കു തിരിച്ചടി
1489926
Wednesday, December 25, 2024 4:32 AM IST
വണ്ണപ്പുറം: പടക്കക്കച്ചവടത്തിന് അനുമതി ലഭിക്കാൻ വൈകിയത് ഇത്തവണ വിൽപ്പനക്കാർക്കു തിരിച്ചടിയായി. നേരത്തേതന്നെ പടക്കകച്ചവടത്തിന് വ്യാപാരികൾ തയാറെടുത്തെങ്കിലും പാതയോരത്ത് ഇവ കച്ചവടം നടത്താൻ പോലീസ് അനുമതി നൽകിയില്ല. വയനാട് സംഭവത്തെത്തുടർന്നാണ് പടക്കവ്യാപാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
കന്പിത്തിരിയും പടക്കവും ഉൾപ്പെടെ വിൽക്കാൻ താത്കാലിക അനുമതി വാങ്ങണമെന്നാണ് നിബന്ധന. ഇതിനു പോലീസിന്റെ തുണ സൈറ്റ് വഴി അപേക്ഷ നൽകി 750 രൂപ ഫീസ് അടയ്ക്കണം. തുടർന്ന് അതത് പോലീസ് സ്റ്റേഷനിൽനിന്നു റിപ്പോർട്ട് നൽകും. അതിനുശേഷം നിശ്ചിത കാലത്തേക്കു ജില്ലാ കളക്ടർ അനുമതി നൽകും.
കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെ പേർ അനുമതിക്ക് അപേക്ഷ നൽകിയെങ്കിലും ലഭിച്ചത് ക്രിസ്മസിനോടനുബന്ധിച്ചാണ്. ഇതിനിടെ പല മേഖലകളിലും പോലീസ് കടകളിൽ പരിശോധന നടത്തി വിൽപ്പന നിരോധിക്കുകയും ചെയ്തു. പലരും അനുമതി ആവശ്യപ്പെട്ട് ദിവസങ്ങൾ മുന്പ് തുണ സൈറ്റ് വഴി അപേക്ഷ നൽകിയ രേഖകൾ കാണിച്ചിട്ടും പോലീസ് ഇതൊന്നും പരിഗണിച്ചില്ല.