മന്ത്രി റോഷി രാജിവയ്ക്കണം: കേരള കോണ്ഗ്രസ്
1489755
Tuesday, December 24, 2024 7:16 AM IST
തൊടുപുഴ: വനം മന്ത്രിയുടെ പ്രസ്താവനയുടെ വെളിച്ചത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ രാജി വച്ച് ഒഴിയുകയാണ് വേണ്ടതെന്ന് കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ്.
വനം നിയമ ഭേദഗതി മന്ത്രിസഭയിൽ ചർച്ച ചെയ്ത് അംഗീകരിച്ചപ്പോൾ മന്ത്രി റോഷി അഗസ്റ്റിൻ യാതൊരു എതിർപ്പും പ്രകടിപ്പിച്ചില്ല.
കേരള കോണ്ഗ്രസ്-എം നേതാക്കൾ നിവേദനവുമായി എത്തിയതിൽ മന്ത്രി എ.കെ.ശശീന്ദ്രൻ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. വനം നിയമ ഭേദഗതിയുടെ ഓരോ വകുപ്പും വിശദമായി ചർച്ച ചെയ്താണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഇതേ തുടർന്നാണ് പുതിയ നിയമം സംസ്ഥാന ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയത്.
വനം നിയമത്തിനെതിരായി മന്ത്രിസഭയിൽ ഒരക്ഷരം പോലും ഉരിയാടാത്ത മന്ത്രി റോഷി അഗസ്റ്റിൻ ജില്ലയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്.
മുല്ലപ്പെരിയാർ ഡാം അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാട് സർക്കാരിന് യാതൊരു മടിയും കൂടാതെയാണ് അനുമതി നൽകിയത്. മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ പരിശോധിക്കാൻ സുപ്രീം കോടതി നൽകിയ നിർദേശം അട്ടിമറിക്കുന്നതിനാണ് ഡാം അറ്റകുറ്റപ്പണി നടത്തുന്നതിന് കേരള സർക്കാർ അനുമതി നൽകിയത്.
കേരള കോണ്ഗ്രസ് -എമ്മിന് ജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കിൽ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച വനം ഭേദഗതി നിയമം അപ്പാടെ പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തണം. സർക്കാർ ഇതിന് തയാറാകുന്നില്ലെങ്കിൽ മന്ത്രിസഭയിൽനിന്ന് തങ്ങളുടെ പ്രതിനിധിയെ പിൻവലിക്കാൻ അവർ തയാറാകണമെന്നും എം.ജെ.ജേക്കബ് ആവശ്യപ്പെട്ടു.