ഒന്നാം പ്രതി സിപിഎം മുൻ ഏരിയ സെക്രട്ടറി: ഡീൻ കുര്യാക്കോസ് എംപി
1489766
Tuesday, December 24, 2024 7:16 AM IST
വ്യാപാരിയുടെ ആത്മഹത്യകട്ടപ്പന: കട്ടപ്പനയിലെ വ്യാപാരി സാബു മുളങ്ങാശേരിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ് നടത്തി. ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. സാബുവിന്റെ മരണത്തിൽ ഒന്നാം പ്രതി സിപിഎം കട്ടപ്പന മുൻ ഏരിയ സെക്രട്ടറി വി.ആർ. സജിയും മറ്റു പ്രതികൾ സൊസൈറ്റി സെക്രട്ടറിയും ജീവനക്കാരുമാണെന്ന് ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചു.
മുൻ ഏരിയ സെക്രട്ടറിയുടെ ഭീഷണിയിൽ ഭയപ്പെട്ടാണ് സാബു ജീവനൊടുക്കിയതെന്നും കുറ്റവാളികളെ സഹായിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നതെന്നും എ ഐ സി സി അംഗം അഡ്വ. ഇ.എം. ആഗസ്തി കുറ്റപ്പെടുത്തി.
സാബുവിന്റ് വീട് സന്ദർശിച്ച മന്ത്രി റോഷി അഗസ്റ്റിൻ കുടുംബത്തോടൊപ്പമാണെന്ന് പറയുന്നതിന് പകരം കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെടാനുള്ള ചങ്കൂറ്റം കാണിക്കണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. രാജീവ് ഭവനിൽ നിന്ന് പ്രകടനമായെത്തിയാണ് പ്രതിഷേധ സദസ് നടത്തിയത്.
സാബു തോമസിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണം: എംപി
കട്ടപ്പന: കട്ടപ്പന റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയിലെ നിക്ഷേപകനായ സാബു തോമസിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.ആർ. സജി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.
വി.ആർ. സജിയുടെ ഭീഷണി സംഭാഷണം പുറത്തുവന്നിട്ട് പോലീസ് അനങ്ങാപ്പാറ നയം തുടരുകയാണ്. സാബുവിന്റെ ഭാര്യയുടെ ചികിത്സയ്ക്കായി നിക്ഷേപ തുക ആവശ്യപ്പെട്ടപ്പോൾ പണം നൽകാതിരിക്കുകയും അപമാനിക്കുകയും ശാരീരികമായി ഉപദ്രവവും ചെയ്തുവെന്ന് വ്യക്തമാണ്. സ്വന്തം അധ്വാനത്തിന്റെ ഫലം സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതി അപഹരിക്കുകയും നിക്ഷേപകനെയും കുടുംബത്തേയും വഴിയാധാരമാക്കുകയും ചെയ്തു.
വി.ആർ. സജിയും കൂട്ടരും ഭീഷണിപ്പെടുത്തിയപ്പോൾ “പണി മനസിലാക്കിത്തരാം’’ എന്ന് പറയുന്നത് വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണ്ട പോലീസ് പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ്. സത്യസന്ധരായ ഉദ്യോഗസ്ഥരെ പോലും രാഷ്്ട്രീയ സ്വാധീനം ഉപയോഗിച്ച് വരുതിക്കു നിർത്താനാണ് സിപിഎം ശ്രമിക്കുന്നത്. സാബുവിനും കുടുംബത്തിനു നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.