സാബുവിന്റെ മരണം: പോലീസ് അന്വേഷണം സിപിഎം അന്വേഷണത്തിന് തുല്യമായിരിക്കുമെന്ന്
1489407
Monday, December 23, 2024 4:06 AM IST
കട്ടപ്പന: കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ മരണത്തെപ്പറ്റി അന്വേഷിക്കുന്നതിന് രൂപീകരിച്ചിരിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ അന്വേഷണത്തിന് തുല്യമായിരിക്കുമെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ആരോപിച്ചു.
ജില്ലാ സെക്രട്ടറി പറയുന്നതിന് വിരുദ്ധമായി ഒന്നും എഴുതുവാൻ പ്രാപ്തിയില്ലാത്ത ഉദ്യോഗസ്ഥ സംഘത്തെ അന്വേഷണം ഏൽപ്പിച്ചിരിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തട്ടിപ്പ് മാത്രമാണ്.
ആത്മഹത്യയെ സംബന്ധിച്ച് മണ്ഡലം പ്രതിനിധിയെന്ന നിലയിൽ മന്ത്രി റോഷി അഗസ്റ്റിൻ നിലപാട് വ്യക്തമാക്കണം. സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെക്കൊണ്ട് അന്വേഷണം നടത്തി സാബുവിന്റെ കുടുംബത്തിന് നീതി നടത്തിക്കൊടുക്കുവാൻ അദ്ദേഹം തയാറാണോ? അദ്ദേഹം ചോദിച്ചു.
സിപിഎം, കുടുംബത്തോടൊപ്പമാണെന്ന് പറയുന്നത് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്തപ്പോൾ സിപിഎം അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണെന്ന് പറഞ്ഞതിന് തുല്യമാണ്.
അന്വേഷണം സത്യസന്ധരായ പോലീസ് സംഘത്തെ ഏൽപ്പിക്കുക, കുടുംബത്തിന് ലഭിക്കുവാനുള്ള പണം തിരികെ നൽകുക എന്നീ കാര്യങ്ങളിൽ സർക്കാർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ജില്ലയിൽ വ്യാപകമായ സമരപരിപാടികൾക്ക് യുഡിഎഫ് നേതൃത്വം നൽകുമെന്നും ചെയർമാൻ അറിയിച്ചു.