ഹോസ്റ്റലില്ല, ഭക്ഷണമില്ല : ഇടുക്കി ഗവ. നഴ്സിംഗ് കോളജ് വിദ്യാർഥികൾ സമരം നടത്തി
1489010
Sunday, December 22, 2024 4:21 AM IST
ചെറുതോണി: ഇടുക്കി ഗവ. നഴ്സിംഗ് കോളജിലെ വിദ്യാർഥികൾ പഠിപ്പു മുടക്കി സമരം നടത്തി. വിദ്യാർഥികൾക്ക് താമസിക്കാൻ ആവശ്യമായ ഹോസ്റ്റൽ സൗകര്യമില്ലെന്നാണ് നഴ്സിംഗ് വിദ്യാർഥികളുടെ പ്രധാന പരാതി. നഴ്സിംഗ് കോളജിൽ രണ്ടു വർഷത്തെ ഉൾപ്പെടെ 120 വിദ്യാർഥികളാണുള്ളത്.
ഇതിൽ 97 വിദ്യാർഥികളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്. അടിസ്ഥാന സൗകര്യമില്ലാത്ത താമസസ്ഥലത്ത് ഇഴ ജന്തുക്കളുടെയും എലിയുടെയും ശല്യത്താൽ ഉറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
ഹോസ്റ്റലിലെ അസൗകര്യങ്ങൾ സംബന്ധിച്ച് നിരവധി തവണ അധികൃതരോടും ജില്ലാ കളക്ടറോടും ഉൾപ്പെടെ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ല. കഴിഞ്ഞദിവസം മന്ത്രി റോഷി അഗസ്റ്റ്യൻ വിളിച്ചുചേർത്ത യോഗത്തിലും ആവശ്യമായ സൗകര്യങ്ങൾ ഉടൻ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതും ജലരേഖയായി. ഇതിനെത്തുടർന്നാണ് വിദ്യാർഥികൾ പ്രത്യക്ഷസമരം ആരംഭിച്ചത്.
വൃത്തിഹീനമായ അന്തരീക്ഷവും കുടുസു മുറിയിലെ താമസവും കഴിക്കാൻ കൊള്ളില്ലാത്ത ഭക്ഷണവുമാണ് സമരത്തിലേക്ക് എത്തിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് പഠിപ്പുമുടക്കിയുള്ള സമരം ആരംഭിക്കുമെന്നും വിദ്യാർഥികൾ അറിയിച്ചു.
മനുഷ്യാവകാശ കമ്മീഷന് പരാതി നല്കും: മഹിളാ കോൺഗ്രസ്
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ നഴ്സിംഗ് വിദ്യാർഥിനികളുടെ ഹോസ്റ്റലിൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ധ്വംസനത്തിനെതിരേ പരാതി നൽകുമെന്ന് ജവഹർ ഭവനിൽ ചേർന്ന മഹിള കോൺഗ്രസ് നേതൃയോഗം അറിയിച്ചു.
പ്രതിമാസം 5,000 രൂപ വീതം നല്കിയിട്ടും ഇക്കാര്യത്തിൽ കടുത്ത അനീതിയാണ് ഇടുക്കി ഗവ. നഴ്സിംഗ് കോളജ് അധികൃതർ കാട്ടുന്നതെന്ന് യോഗം ആരോപിച്ചു.
ബ്ലോക്ക് പ്രസിഡന്റ് സാലി ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ജില്ലാ സെക്രട്ടറിമാരായ ടിന്റു സുഭാഷ്, ആലീസ് ജോസ്, ഷൈബി ജിജി, പി.വി. സന്ധ്യാമോൾ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിനു മുമ്പായി നേതാക്കൾ ഹോസ്റ്റൽ സന്ദർശിച്ച് വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്തി.