ഭൂനിയമങ്ങള്ക്കെതിരേ യുഡിഎഫ് മാര്‍ച്ചും കുറ്റവിചാരണ സദസും
1489760
Tuesday, December 24, 2024 7:16 AM IST
നെടുങ്കണ്ടം: ഇടതുസര്‍ക്കാരിന്റെ ജനദ്രോഹ വനനിയമ ബില്ലിനും ഭൂനിയമങ്ങള്‍ക്കും എതിരേ ജനുവരി ആറിന് രാജകുമാരിയില്‍ പ്രതിഷേധ മാര്‍ച്ചും വിചാരണ സദസും സംഘടിപ്പിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. പിണറായി സര്‍ക്കാര്‍ എട്ടു വര്‍ഷത്തിനിടെ മുപ്പതോളം കര്‍ഷകവിരുദ്ധ കരിനിയമങ്ങളാണ് നടപ്പാക്കിയത്. ഏറ്റവും അവസാനമായി 1961ലെ വനനിയമ പരിഷ്കരണത്തിനായുള്ള നീക്കങ്ങളും നടക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിത അധികാരം നല്കി കര്‍ഷകരെ പീഡിപ്പിക്കാനുള്ള ശ്രമത്തിനു പിന്നിൽ ഗൂഢ അജണ്ടകളുണ്ട്.
വിഷയത്തില്‍ മുഖ്യമന്ത്രിയെ കണ്ട് ആശങ്ക അറിയിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവനയിൽ ആത്മാർഥതയില്ല. റോഷി പങ്കെടുത്ത മന്ത്രിസഭാ യോഗത്തിലാണ് വനനിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. ആശങ്ക അറിയിക്കുമെന്ന് പ്രഖ്യാപിക്കുന്നതിനു പകരം കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടണമെന്നും അതിനു തയാറായില്ലെങ്കിൽ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാൻ തയാറാകണമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
ഭൂവിഷയത്തില്‍ യുഡിഎഫ് അഞ്ച് താലൂക്കുകളിലും കുറ്റവിചാരണ സദസുകള്‍ സംഘടിപ്പിക്കും. ഉടുമ്പന്‍ചോല നിയോജക മണ്ഡലം പരിപാടി ജനുവരി ആറിന് രാവിലെ പത്തിന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് പ്രകടനവും തുടര്‍ന്ന് വിചാരണ സദസും നടക്കും. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എംപി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലിം തുടങ്ങിയവര്‍ പ്രസംഗിക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചതായി സേനാപതി വേണു, എം.ജെ. കുര്യന്, ജോസ് പൊട്ടംപ്ലാക്കല്‍, ബെന്നി തുണ്ടത്തില്‍, സി.എസ്. യശോദരന്, പി.എസ്. യൂനസ് എന്നിവര്‍ അറിയിച്ചു.