വനംമന്ത്രി ഉദ്യോഗസ്ഥരുടെ കളിപ്പാവ: കിസാൻസഭ
1489754
Tuesday, December 24, 2024 7:16 AM IST
തൊടുപുഴ: വനം നിയമ ഭേദഗതിയിൽ പരാതിയും പ്രതിഷേധവും ഉന്നയിക്കുന്നവരെ പരിഹസിക്കുന്ന വനം മന്ത്രി ഉദ്യോഗസ്ഥരുടെ കളിപ്പാവയായി അധഃപതിച്ചുവെന്നും ഇതൊരു മന്ത്രിക്ക് ഭൂഷണമല്ലെന്നും അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യൂ വർഗീസ്.
കാടൻ നിയമനിർദേശമാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് സമ്മതിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അത് മന്ത്രി തുറന്നു പറയണം. കർഷകരെയും മലയോരത്തു താമസിക്കുന്ന ജനങ്ങളെ പീഡിപ്പിക്കാനും ജയിലിലടക്കാനും സ്ത്രീകളും കുട്ടികളുമടക്കം വസിക്കുന്ന ഭവനങ്ങളിൽ ഏതു സമയവും പരിശോധന നടത്താനും ആളുകളെ അറസ്റ്റ് ചെയ്യുന്നതിനും കോടതി മുന്പിൽ ഹാജരാക്കാതെ തടഞ്ഞു വയ്ക്കാനും കള്ളക്കേസിൽ കുടുക്കാനും വനം ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന 62-ാം വകുപ്പ് വായിക്കാനെങ്കിലും മന്ത്രി തയാറാകണം. വനവിസ്തൃതി വർധിപ്പിക്കാൻ ആർക്കെങ്കിലും വാക്കു കൊടുത്തിട്ടുണ്ടെങ്കിൽ അത് നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.