ഹൃദയവീണയിൽ സ്നേഹഗീതം പാടി അവർ ഒന്നായി
1489922
Wednesday, December 25, 2024 4:27 AM IST
തൊടുപുഴ: കുശലം പറഞ്ഞും സൗഹൃദത്തിന്റെ ഇഴകൾ നെയ്തും ഗതകാല അനുഭവങ്ങൾ പങ്കുവച്ചും ന്യൂമാൻ കോളജിലെ 1971-74 ഇംഗ്ലീഷ് ബാച്ചിന്റെ സുവർണജൂബിലി സംഗമം വേറിട്ട അനുഭവമായി.
സ്വദേശത്തും വിദേശത്തുമുള്ള 30-ഓളം പേർ സംഗമത്തിൽ പങ്കെടുക്കാനെത്തി.യാത്രാസൗകര്യങ്ങൾ പരിമിതമായിരുന്ന കാലയളവിൽ ദീർഘദൂരം കാൽനടയായി സഞ്ചരിച്ചും മറ്റും കലാലയത്തിലെത്തിയതും കഷ്ടപ്പാടിന്റെ നാളുകളിൽ പുഞ്ചിരിതൂകി അവയെ നെഞ്ചേറ്റിയതും ത്രില്ലോടെയാണ് പലരും പങ്കുവച്ചത്.
പഠനകാലയളവിൽ ഒരുപാത്രത്തിൽ നിന്നു ഭക്ഷണം കഴിച്ചും ഒരു ബെഞ്ചിലിരുന്ന് പഠിച്ചും കടന്നുപോയ നല്ല നാളുകളുടെ ഹൃദയസ്പർശിയായ അനുഭവങ്ങൾ വിവരിച്ചപ്പോൾ പലരുടെയും കണ്ണുകൾ സന്തോഷംകൊണ്ട് ഈറനണിഞ്ഞു. കുടുംബസമേതം ചടങ്ങിന് എത്തിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
തങ്ങളുടെ കൂട്ടായ്മയിൽ നിന്നും ഇതിനോടകം വേർപിരിഞ്ഞ ആറുപേർക്കും മരിച്ചുപോയ അധ്യാപകർക്കും ആദരാഞ്ജലിയർപ്പിക്കാനും ഇവർ മറന്നില്ല. സർവകലാശാലാ തലത്തിൽ നേട്ടം കൊയ്ത കായികതാരങ്ങൾ, പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ ഒത്തുചേർന്നപ്പോൾ അത് വൈവിധ്യത്തിന്റെയും കൂട്ടായ്മയുടെയും വിളിച്ചോതലായി.
മുൻ പ്രിൻസിപ്പൽ അപ്രേം മണിപ്പുഴ, അധ്യാപിക ഇ.ജെ. മാർഗരറ്റ് എന്നിവരെ അവരുടെ ഭവനത്തിൽ എത്തി പൊന്നാടയണിയിച്ച് ആദരിച്ചു.കോളജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ് റീയൂണിയൻ ഉദ്ഘാടനം ചെയ്തു. പി.പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
തന്പി എരുമേലിക്കര, എം.എ. ജോണ്, മാലതി, സുകുമാരൻ, കെ.ടി. അഗസ്റ്റിൻ, കെ.ആർ. വിശ്വൻ, സൂസൻ ചോന, സെലിൻ സെബാസ്റ്റ്യൻ, സുന്ദർ രാജൻ എന്നിവർ പ്രസംഗിച്ചു.