ജില്ലയിൽ ഭക്ഷ്യസുരക്ഷാ പരിശോധന: 26 സ്ഥാപനങ്ങൾക്ക് പിഴ
1489925
Wednesday, December 25, 2024 4:32 AM IST
തൊടുപുഴ: ക്രിസ്മസ് സീസണിൽ സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. 19 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ 11 സ്ക്വാഡുകളാണ് ജില്ലയിൽ പരിശോധന നടത്തിയത്.
109 സ്ഥാപനങ്ങളിൽ പരിശോധന നടത്തി 13 സ്റ്റാറ്റ്യൂട്ടറി സാന്പിളുകൾ, 40 സർവേയലൻസ് സാന്പിളുകൾ എന്നിവ ശേഖരിച്ച് കാക്കനാട് റീജണൽ അനലിറ്റിക്കൽ ലാബിൽ പരിശോധനയ്ക്കായി അയച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. കൂടാതെ നാലു സ്ഥാപനങ്ങൾക്ക് പിഴ ചുമത്താനുള്ള നോട്ടീസുകൾ നൽകി.
23 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും മൂന്നു സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നൽകി. ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്തുള്ള ബിസി ഹോട്ടൽ അടപ്പിച്ചു.
പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ഡോ.എം. രാഗേന്ദു, ഡോ എം.മിഥുൻ, ജി.ശരണ്‍, ആൻമരി ജോണ്സണ്, സ്നേഹാ വിജയൻ എന്നിവർ പങ്കെടുത്തു. സ്ക്വാഡ് പരിശോധനകൾക്ക് ഇടുക്കി അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ബൈജു പി. ജോസഫ് നേതൃത്വം നൽകി.