മാനവ ഐക്യത്തിന്റെ ഉത്സവം ക്രിസ്മസ്: ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ
1489770
Tuesday, December 24, 2024 7:16 AM IST
അടിമാലി: ക്രിസ്മസ് ഏറ്റവും വലിയ മാനവ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമാണെന്ന് ഇടുക്കി രൂപത മെത്രാൻ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഗ്ലോറിയ-2024 എന്ന പേരിൽ നടത്തിയ ക്രിസ്മസ് ആഘോഷത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഇരുമ്പുപാലം മേഖലയിലുള്ള വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ നേതൃത്വത്തിലാണ് ക്രിസ്മസ് കരോൾ റാലിയും ക്രിസ്മസ് ആഘോഷവും നടന്നത്.
ഞായറാഴ്ച വൈകുന്നേരം പത്താം മൈലിൽനിന്ന് ആരംഭിച്ച കരോൾ റാലി ഇരുമ്പുപാലത്ത് സമാപിച്ചു. കരോൾ റാലിയിൽ നൂറിലധികം ക്രിസ്മസ് പാപ്പമാരും കരോൾ ഗായിക സംഘങ്ങളും അണിനിരന്നു. നിശ്ചലദൃശ്യങ്ങൾ, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് കരോൾ റാലി നടന്നത്. തുടർന്ന് നടന്ന പൊതുസമ്മേളനം മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
കരോൾ ഗാന മത്സരങ്ങളും കരിമരുന്ന് കലാപ്രകടനവും ഡിജെ നൈറ്റും നടന്നു. ആഘോഷ പരിപാടികൾക്ക് വിവിധ ദേവാലയങ്ങളിലെ ഇടവക വികാരിമാരും കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.