ക്രിസ്മസ് പുതുവത്സരം : ദൃശ്യവിരുന്ന് ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്ക്
1489914
Wednesday, December 25, 2024 4:27 AM IST
തൊടുപുഴ: ക്രിസ്മസ്, പുതുവത്സരം ആഘോഷിക്കാൻ ജില്ലയിലേക്ക് സന്ദർശകരുടെ ഒഴുക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്രിസ്മസ് അവധിക്കായി അടച്ചതോടെയാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചത്. ശനിയാഴ്ച മുതൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
കാലാവസ്ഥ അനുകൂലമായതോടെയാണ് ക്രിസ്മസ്, പുതുവത്സരാഘോഷത്തിനായി സംസ്ഥാനത്തിനകത്തും പുറത്തുനിന്നും കൂടുതൽ പേർ കുടുംബസമേതം ജില്ലയിലേക്ക് എത്തിത്തുടങ്ങിയത്. വരും ദിവസങ്ങളിലും സഞ്ചാരികളുടെ പ്രവാഹം കണക്കിലെടുത്ത് പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഡിടിപിസിയുടെയും പോലീസിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ 20 മുതൽ 23 വരെയുള്ള നാലു ദിവസങ്ങളിൽ 78,068 സന്ദർശകരാണ് ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയത്. അവധി ആരംഭിച്ച ശനിയാഴ്ച മുതലാണ് തിരക്ക് വർധിച്ചത്. 20ന് 9649 പേരാണ് സന്ദർശിച്ചത്.
ശനിയാഴ്ച 23299, ഞായറാഴ്ച 27766, തിങ്കളാഴ്ച 17354 എന്നിങ്ങനെയാണ് നാലു ദിവസങ്ങളിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയവരുടെ എണ്ണം. ക്രിസ്മസ് ദിനമായ ഇന്നു മുതൽ പുതുവത്സര ദിനം വരെ സന്ദർശകരുടെ വൻ ഒഴുക്കുണ്ടാകുമെന്നാണ് സൂചന.
വാഗമണ്‍ അഡ്വഞ്ചർ പാർക്കിലാണ് കൂടുൽ സഞ്ചാരികളെത്തിയത്.
ഇവിടെ നാലു ദിവസത്തിനിടെ 24,747 പേർ സന്ദർശനം നടത്തി. വാഗമണ്‍ മൊട്ടക്കുന്ന് -22606, പാഞ്ചാലിമേട് -4182, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ-8170, ഇടുക്കി ഹിൽവ്യു പാർക്ക് -2377, ശ്രീനാരായണ പുരം-2110, അരുവിക്കുഴി -566, രാമക്കൽമേട് -6519, മാട്ടുപ്പെട്ടി -2633, ആമപ്പാറ-4758 എന്നിങ്ങനെയാണ് മറ്റ് ടൂറിസം കേന്ദ്രങ്ങളിലെത്തിയവരുടെ കണക്ക്. ഇതിനു പുറമെ കാൽവരിമൗണ്ട്, പരുന്തുംപാറ, അഞ്ചുരുളി, മലങ്കര ഡാം, തൊമ്മൻകുത്ത് എന്നിവിടങ്ങളിലും സന്ദർശകർ വ്യാപകമായി എത്തുന്നുണ്ട്.
വാഗമണ്ണിൽ ഗ്ലാസ് ബ്രിഡ്ജ് സന്ദർശകർക്കായി വീണ്ടും തുറന്നതാണ് ഇവിടെ സന്ദർശകരുടെ എണ്ണം വർധിക്കാൻ കാരണം. മൊട്ടക്കുന്നുകളും പൈൻമരക്കാടുകളും ആയിരുന്നു നേരത്തെ മുഖ്യ ആകർഷണമെങ്കിലും ഇന്ത്യയിലേറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിച്ചതോടെയാണ് വാഗമണ്ണിന്റെ പെരുമ വർധിച്ചത്. ആയിരക്കണക്കിന് ആളുകൾ ഇതിനോടകം ഗ്ലാസ് ബ്രിഡ്ജ് സന്ദർശിച്ചു കഴിഞ്ഞു. ഇടുക്കി , ചെറുതോണി അണക്കെട്ടുകളും സന്ദർശകർക്കായി തുറന്നിട്ടുണ്ട്.
അവധിയാഘോഷം മുൻനിർത്തി ഡിടിപിസിയുടെ നേതൃത്വത്തിൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ അലങ്കാരദീപങ്ങൾ കൊണ്ട് വർണാഭമാക്കിയതായി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ സെക്രട്ടറി ജിതേഷ് ജോസ് പറഞ്ഞു. വാഹനങ്ങൾ കൂടുതൽ എത്തുന്നതിനാൽ പോലീസിന്റെ നേതൃത്വത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പാർക്കിംഗിനും ആവശ്യമായ ക്രമീകരണങ്ങളും നടത്തി വരുന്നുണ്ട്.
ഇതിനായി പ്രത്യേക ട്രാഫിക് കമ്മിറ്റികളും ചേർന്നു. എങ്കിലും അടിമാലി -മൂന്നാർ റോഡ്, കുമളി- തേക്കടി റോഡ്, കോട്ടയം -വാഗമണ്‍-ഏലപ്പാറ റോഡ് , കാഞ്ഞാർ -പുള്ളിക്കാനം റോഡ് തുടങ്ങിയ പാതകളിൽ വരും ദിവസങ്ങളിൽ തിരക്ക് വർധിക്കാനിടയുണ്ട്.
അവധി ആഘോഷമാക്കാൻ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചതോടെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിംഗ് വർധിച്ചു. മാസങ്ങൾക്കു മുന്‍പു തന്നെ പ്രധാന ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും മുറികളെല്ലാം ബുക്ക് ചെയ്യപ്പെട്ടിരുന്നു.
ഫോണ്‍ മുഖാന്തിരവും ഓണ്‍ലൈൻ വഴിയുമായിരുന്നു ബുക്കിംഗുകൾ. സന്ദർശകർക്കായി ടൂർ ഓപ്പർമേറ്റർമാർ മുഖേന പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ലഹരിപാർട്ടികളും മറ്റും അരങ്ങേറാൻ ഇടയുള്ളതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോലീസിന്റെയും എക്സൈസിന്റെയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.