വനനിയമം കർഷകർക്കു നേരേയുള്ള കടന്നാക്രമണം: രൂപത വൈദിക സമിതി
1489009
Sunday, December 22, 2024 4:21 AM IST
കരിമ്പൻ: കേരള ഫോറസ്റ്റ് ആക്ട് 1961 പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന വനനിയമ ഭേദഗതി ബിൽ കർഷകർക്കുനേരേയുള്ള കടന്നാക്രമണമാണെന്ന് ഇടുക്കി രൂപത വൈദിക സമിതി. വാഴത്തോപ്പ് സെന്റ് ജോർജ് പരീഷ് ഹാളിൽ ചേർന്ന വൈദിക സമിതി യോഗത്തിൽ റവ. ഡോ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്ഠ്യേന പാസാക്കി.
വനനിയമ ഭേദഗതി ബിൽ ജനദ്രോഹപരവും ദുരുപയോഗ സാധ്യത ഉള്ളതുമാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ആവശ്യം വന്നാൽ രൂപത സമരമുഖത്ത് ജനങ്ങൾക്ക് ഒപ്പം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കും കർഷക വേട്ടയ്ക്കും ഇടവരുത്തുന്ന ഇത്തരം അമിതാധികാരങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകുന്നത് ജനാധിപത്യ ഭരണക്രമത്തിന് ഭൂഷണമല്ല.
വന്യജീവികളെ വനാതിർത്തിക്കുള്ളിൽതന്നെ നിലനിർത്താനുള്ള ഉത്തരവാദിത്വം വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിർബന്ധിതമാക്കുന്ന നിയമ ഭേദഗതിയാണ് ഉണ്ടാകേണ്ടത്.
ജനങ്ങളുടെ സാധാരണ ജീവിതത്തിന് തുരങ്കം വയ്ക്കുകയും സ്വാഭാവിക നീതി നിഷേധിക്കുകയും ചെയ്യുന്ന ഭേദഗതി പിൻവലിച്ച് കാലാനുസൃതവും മനുഷ്യന് ഗുണകരവുമായ ഭേദഗതി കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. രൂപത വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
കർഷകക്കൂട്ടായ്മ പ്രക്ഷോഭം നടത്തി
വണ്ണപ്പുറം: നിർദിഷ്ട വനനിയമ ഭേദഗതിക്കെതിരേ മുണ്ടൻമുടി കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. കർഷക കൂട്ടായ്മ കോ-ഓർഡിനേറ്ററും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെംബറുമായ അഡ്വ. ആൽബർട്ട് ജോസ് അധ്യക്ഷത വഹിച്ചു. വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ.ബിജു ഉദ്ഘാടനം ചെയ്തു. ഗസറ്റ് വിജ്ഞാപനത്തിന്റെ പകർപ്പ് കത്തിച്ച് കർഷകർ പ്രതിഷേധിച്ചു.
സണ്ണി കളപ്പുര, എം.ടി. ജോണി, സി.കെ. ശിവദാസ്, ജോയി കാണിയക്കാട്ട്, സെബാസ്റ്റ്യൻ കൊച്ചടിവാരം, ഹുസൈനാർ കുഴിപ്പള്ളി, രാമകൃഷ്ണൻ വൈക്കത്ത്, പി.ടി. ജേക്കബ്, ജോണി പുത്തൻപുര, സാജു ചോങ്കര, ജോർജ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
മന്ത്രി കരിനിയമങ്ങള്‍ക്കു കൂട്ടുനിൽക്കുന്നു: പ്രഫ. എം.ജെ. ജേക്കബ്
നെടുങ്കണ്ടം: ഇടുക്കിയിലെ ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ച മന്ത്രി ഇടതുസര്‍ക്കാരില്‍ ഉണ്ടായിട്ടും ജനങ്ങളെ ദ്രോഹിക്കുന്ന കരിനിയമങ്ങള്‍ നടപ്പിലാക്കാന്‍ കൂട്ടുനിന്നത് കര്‍ഷകരോടുള്ള വഞ്ചനയാണെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് ആരോപിച്ചു.
1961 ലെ വനനിയമം ഭേദഗതി ചെയ്യുന്നതിനായി ഇറക്കിയ കരട് ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലാര്‍, ചിന്നാര്‍ ഫോറസ്റ്റ് ഓഫീസുകള്‍ക്ക് മുമ്പിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് ജോജി ഇടപ്പള്ളിക്കുന്നേല്‍, നേതാക്കളായ വര്‍ഗീസ് വെട്ടിയാങ്കല്‍, നോബിള്‍ ജോസഫ്, ജോസ് പൊട്ടംപ്ലാക്കല്‍, ടി.വി. ജോസുകുട്ടി, ബിനു ഇലവുംമൂട്ടില്‍, വര്‍ഗീസ് സക്കറിയ, എം.ജെ. കുര്യന്, ജോയി കണിയാംപറമ്പില്‍, ബിജു അക്കാട്ടുമുണ്ടയില്‍, സിബി കൊച്ചുവള്ളാട്ട്, ഒ.ടി. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭേദഗതിക്കെതിരേ മതസൗഹാർദ കൂട്ടായ്മ
രാജാക്കാട്: വന നിയമ ഭേദഗതിക്കെതിരേ ഉപവാസ സമരത്തിനൊരുങ്ങി രാജാക്കാട് മത സൗഹാർദ്ദ കൂട്ടായ്മ.വനനിയമ ഭേദഗതിയിൽ പ്രതിഷേധമറിയിച്ച് ജനുവരി 10ന് രാജാക്കാട് ടൗണിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
രാജാക്കാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ മതസൗഹാർദ്ദ കൂട്ടായ്മ ചെയർമാൻ എം.ബി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ സമരപ്രഖ്യാപനം നടത്തി.
കോ-ഒാർഡിനേറ്റർ വി.എസ്. ബിജു, ഫാ. ബേസിൽ പുതുശേരിൽ, സാബു വാവലക്കാട്ട്, ഇമാം നിസാർ ബാദ്രി, എം.ആർ. അനിൽകുമാർ, സിബി കൊച്ചുവള്ളാട്ട്, ജോഷി കന്യാക്കുഴി, ടൈറ്റസ് ജേക്കബ്, ജമാൽ ഇടശേരിക്കുടി, വി.സി. ജോൺസൺ, ബെന്നി ജോസഫ്, എ. ഹംസ, സന്തോഷ് കൊല്ലപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
വനം ഓഫീസിലേക്ക് മാർച്ച് നടത്തി
തൊടുപുഴ: കർഷക കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടം വനംവകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി. തുടർന്നു നടന്ന ധർണ കർഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കൻ ഉദ്ഘാടനം ചെയ്തു.
കർഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി പാറേക്കാട്ടിൽ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്തംഗം എൻ.കെ. ബിജു, ജില്ലാ ജനറൽ സെക്രട്ടറി സൂട്ടർ ജോർജ്, അഡ്വ. സൂരജ് പുളിക്കൻ, സെക്രട്ടറിമാരായ ജോസ്മോൻ കാഞ്ഞിരക്കൊന്പിൽ,
സലീഷ് പഴയിടം, മാത്യൂസ് ആലക്കോട്, ജോർജ് മഞ്ചപ്പള്ളി, ജോസ് കടത്തലകുന്നേൽ, ഷിബു എരപ്പൂഴിക്കര, സാജൻ കുളമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.