മുന്നറിയിപ്പ് സംവിധാനമില്ല : അപകടം ഒളിപ്പിച്ച് അരുവിക്കുത്ത് വെള്ളച്ചാട്ടം
1489397
Monday, December 23, 2024 3:59 AM IST
തൊടുപുഴ: രണ്ട് എൻജനിയറിംഗ് വിദ്യാർഥികളുടെ ജീവൻ കവർന്ന അരുവിക്കുത്ത് വെള്ളച്ചാട്ടം കാണാൻ മനോഹരമെങ്കിലും ഇവിടെ ഒളിഞ്ഞിരിക്കുന്നത് അപകടക്കെണികൾ. അധികം ആളുകൾ എത്താത്ത ഇടം കൂടിയായതിനാൽ ഏതെങ്കിലും തരത്തിൽ അപകടമുണ്ടായാൽ തന്നെ പുറംലോകത്തറിയാൻ വൈകും. അരുവിക്കുത്തിനെ കുറിച്ച് കേട്ടറിഞ്ഞ് ഇപ്പോൾ ഒട്ടേറെ പേർ ഇവിടെ സന്ദർശനത്തിനായി എത്തുന്നുണ്ട്.
മലങ്കര ജലാശയം സന്ദർശിക്കാനെത്തുന്നവരിൽ പലരും അരുവിക്കുത്തും സന്ദർശിച്ചാണ് മടങ്ങുന്നത്. എന്നാൽ ഇവിടെയെത്തുന്നവർക്കായി യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടില്ല. അപകടകരമായ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത് വിലക്കിയുള്ള മുന്നറിയിപ്പു ബോർഡുകളും സ്ഥാപിച്ചിട്ടില്ല. സാമൂഹ്യ വിരുദ്ധരുടെയും ലഹരിസംഘങ്ങളുടെയും പ്രധാന ഇടത്താവളം കൂടിയാണ് ഇവിടം.
തൊടുപുഴ പട്ടണത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് അരുവിക്കുത്ത്. തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയിൽ മ്രാല ജംഗ്ഷനിൽനിന്ന് ഇവിടെയെത്താം. മലങ്കര എസ്റ്റേറ്റ് റോഡിലൂടെ 200 മീറ്ററോളം സഞ്ചരിച്ച ശേഷം 500 മീറ്റർ കനാൽ റോഡിലൂടെ യാത്ര ചെയ്താൽ അരുവിക്കുത്തിലെത്താം.
മലങ്കര ഡാമിലേക്ക് ഒഴുകുന്ന തൊടുപുഴയാറിന്റെ കൈവഴിയാണ് അരുവിക്കുത്ത്. ഇവിടെയെത്തിയാൽ പാലത്തിൽനിന്നു വെള്ളച്ചാട്ടത്തിന്റെ അതി മനോഹരമായ ദൃശ്യഭംഗി ആസ്വദിക്കാം. എന്നാൽ വെള്ളച്ചാട്ടത്തിലോ പാറക്കൂട്ടങ്ങളിലോ ഇറങ്ങാൻ ശ്രമിച്ചാൽ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്.
വെള്ളം കുത്തിയൊഴുകി വൻകുഴികളും കിടങ്ങുകളും ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. പ്രദേശവാസികൾ പോലും വളരെ സൂക്ഷിച്ചാണ് ഇവിടെയിറങ്ങുന്നത്. പാറയിൽ വഴുക്കലുള്ളതിനാൽ കാലൊന്നു പിഴച്ചാൽ നിലയില്ലാക്കയത്തിൽ അകപ്പെടാനുള്ള സാധ്യതയേറെയാണ്.
മുന്നറിയിപ്പ് ബോർഡില്ല
മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാക്രമീകരണങ്ങളോ ഒന്നും തന്നെയില്ലെന്നു പ്രദേശവാസികൾ ആരോപിക്കുന്നു. കാടുവെട്ടി നീക്കാത്തതിനാൽ തൊട്ടടുത്തെത്തിയെങ്കിൽ മാത്രമേ അപകട സാഹചര്യം വ്യക്തമാകൂ. വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെടുന്നവരുടെ അടുത്തേക്കെത്തണമെങ്കിലും പാറക്കെട്ടുകൾക്കിടയിലൂടെ ഏറെ താഴേക്കിറങ്ങണം.
പ്രദേശവാസികൾക്ക് അപകട സാധ്യതയെക്കുറിച്ച് അറിയാമെങ്കിലും പുറമേ നിന്നെത്തുന്നവർക്ക് ഇക്കാര്യം സൂചിപ്പിച്ച് ബോർഡോ കന്പി വേലിയോ ഉൾപ്പെടെ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ലഹരിസംഘങ്ങളുടെ കേന്ദ്രം
പലപ്പോഴും ഇവിടം ലഹരിസംഘങ്ങളുടെ വിഹാരകേന്ദ്രമാണ്. ദൂരെ സ്ഥലങ്ങളിൽനിന്നുള്ളവർ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും തെരഞ്ഞെടുക്കുന്ന സ്ഥലമാണ് അരുവിക്കുത്ത്. പോലീസോ എക്സൈസോ അധികം എത്താനിടയില്ലാത്ത ഒറ്റപ്പെട്ട ഇടമായതിനാലാണ് ഇവിടെ ലഹരി സംഘങ്ങൾ തന്പടിക്കുന്നതിനു പ്രധാന കാരണം.
ഇവരുടെ ബഹളം വയ്ക്കലും അസഭ്യം പറച്ചിലും ഏറ്റമുട്ടലുമൊക്കെ ഇവിടെ പതിവാണ്. ഇതേക്കുറിച്ച് പരാതി പറഞ്ഞ സമീപവാസികൾക്ക് നേരേ പോലും അതിക്രമം ഉണ്ടായ സംഭവങ്ങളുമുണ്ട്. നിരവധി പ്രാവശ്യം ലഹരി സംഘങ്ങളെ പോലീസും എക്സൈസും ഇവിടെ നിന്നും പിടികൂടിയിട്ടുണ്ട്.
ഇതിനു പുറമേ മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും ഇവിടെ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ഇത്തരം കാരണങ്ങളാൽ നാട്ടുകാർ ഇവിടേക്ക് എത്തുന്നത് തന്നെ അപൂർവമാണ്. ആരെങ്കിലും അപകടത്തിൽപ്പെട്ടാൽ ആ വിവരം പുറം ലോകത്തറിയാനും വൈകും.
എൻജനീയറിംഗ് വിദ്യാർഥികൾ അപകടത്തിൽപ്പെട്ട വിവരം പുറത്തറിയാൻ വൈകിയത് പ്രദേശവാസികളുടെ സംഭവം ശ്രദ്ധയിൽ വരാൻ താമസിച്ചതിനാലാണ്. സ്ഥിരമായി പോലീസിന്റെയും എക്സൈസിന്റെയും നിരീക്ഷണം ഇവിടെ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വിദ്യാർഥികൾ മുങ്ങിമരിച്ചതു തന്നെയെന്ന് പ്രാഥമിക സൂചന
തൊടുപുഴ: മുട്ടം അരുവിക്കുത്തിൽ മുങ്ങിമരിച്ച നിലയിൽ കാണപ്പെട്ട എൻജനിയറിംഗ് വിദ്യാർഥികളുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പോലീസ്. ഇടുക്കി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ഇരുവരുടെയും മുങ്ങിമരണമെന്നാണ് പ്രാഥമിക സൂചന.
മുട്ടം എൻജനിയറിംഗ് കോളജിലെ മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ഇടുക്കി മുരിക്കാശേരി കൊച്ചുകരോട്ട് ഡോണൽ ഷാജി (22), സൈബർ സെക്യൂരിറ്റി ഒന്നാം വർഷ വിദ്യാർഥിനി കൊല്ലം തലവൂർ മഞ്ഞക്കാല പള്ളിക്കിഴക്കേതിൽ അക്സാ റെജി (18) എന്നിവരുടെ മൃതദേഹങ്ങളാണ് അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽനിന്നു ശനിയാഴ്ച കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തുന്പോൾ ഡോണൽ ഷാജിയുടെ ചുണ്ടിലും ഇരു ചെവികളിലും കണ്ണിലും മുറിവുണ്ടായിരുന്നത് സംശയത്തിനിടയാക്കിരുന്നു. എന്നാൽ ഇത് ദീർഘനേരം വെള്ളത്തിൽ കിടന്നപ്പോൾ മീൻ കൊത്തിയത് മൂലമോ ഞണ്ട് ഉൾപ്പെടെയുള്ള എന്തെങ്കിലും ജീവി കടിച്ചത് മൂലമോ ഉണ്ടായതാണെന്നാണ് പോസ്റ്റ്മോർട്ടത്തിൽ ലഭിച്ച സൂചനയെന്ന് പോലീസ് പറഞ്ഞു.
റിപ്പോർട്ട് പൂർണമായി ലഭിച്ചില്ലെങ്കിലും മുങ്ങിമരണമെന്ന് തന്നെയാണ് ഡോക്ടർ നൽകിയ സൂചനയെന്ന് തൊടുപുഴ ഡിവൈഎസ്പി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തും.
വെള്ളച്ചാട്ടത്തിന്റെ പലയിടങ്ങളിലും ആളുകൾ കുളിക്കാനിറങ്ങാറുണ്ടെന്ന് മുട്ടം പോലീസും പറഞ്ഞു. പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ പിന്നീട് ബന്ധുക്കൾക്ക് വിട്ടു നൽകി.