സിപിഎം ആരോപണം നിഷേധിച്ച് കട്ടപ്പന റൂറൽ സഹ. സംഘം മുൻ ഭരണസമിതി
1489764
Tuesday, December 24, 2024 7:16 AM IST
കട്ടപ്പന: തങ്ങളാണ് കട്ടപ്പന റൂറൽ സഹകരണ സംഘത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന സിപിഎം ആരോപണം മുൻ ഭരണ സമിതി നിഷേധിച്ചു. ഒാഡിറ്റ് റിപ്പോർട്ടുകളുടേയും മറ്റു ബാങ്കു രേഖകളുടേയും അടിസ്ഥാനത്തിൽ ആരോപണം തെളിയിക്കാൻ സിപിഎം തയ്യാറാകണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
2005ൽ സ്ഥാപിച്ച സംഘം അന്നു മുതൽ ലാഭകരമായാണ് പ്രവർത്തിച്ചത്. കട്ടപ്പന ഹെഡ് ഓഫീസിനു പുറമേ വള്ളക്കടവ്, ലബ്ബക്കട, ബ്രഞ്ചുകളും രണ്ടു വളം കീടനാശിനി ഡിപ്പോകളും നീതി പേപ്പർ മാർട്ട് പ്രവർത്തിച്ചിരുന്നു. ജീവനക്കാർക്ക് ശമ്പളവും കെട്ടിട വാടകയും കൃത്യമായി കൊടുത്തിരുന്നു. ഒരാളുടെ പോലും നിക്ഷേപം തിരിച്ചു കൊടുക്കാതിരിക്കുകയോ ജില്ലാ ബാങ്കിൽ കുടിശിക വരുത്തുകയോ ഉണ്ടായിട്ടില്ല.
2016-ൽ സ്വന്തമായി സ്ഥലം വാങ്ങുകയും ചെയ്തു.ഇതിനെല്ലാം രേഖകളുണ്ടെന്നും കോൺഗ്രസിന്റെ മേൽ പഴിചാരി പാവപ്പെട്ട നിക്ഷേപകരെ പറ്റിക്കാനുള്ള സിപിഎം തന്ത്രമാണ് ആരോപണത്തിന് പിന്നിലെന്നും മുൻ ഭരണ മിതി അംഗങ്ങളായ ജോയി തോമസ്, മാത്യു ജോസഫ്, എഐസി സി അംഗം അഡ്വ. ഇ. എം. ആഗസ്തി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, മേരി ദാസൻ എന്നിവർ ആരോപിച്ചു.