200 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
1489916
Wednesday, December 25, 2024 4:27 AM IST
നെടുങ്കണ്ടം: ക്രിസ്മസ്, ന്യൂ ഇയര്‍ വിപണി ലക്ഷ്യമിട്ട് വ്യാജമദ്യം നിര്‍മിക്കുന്നതിനായി പാകപ്പെടുത്തിയ 200 ലിറ്റര്‍ കോട ഉടുമ്പന്‍ചോല എക്സൈസ് സംഘം കണ്ടെത്തി. രാമക്കല്‍മേട് ആമപ്പാറ ഭാഗത്ത് നടത്തിയ പരിശോധനയില്‍ അനെര്‍ട്ടിന്റെ സോളാര്‍ പാടത്തിനു സമീപത്തെ വനമേഖലയിലെ നീര്‍ച്ചാലില്‍നിന്നാണ് കോട കണ്ടെത്തിയത്.
ഷാഡോ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാരലില്‍ സൂക്ഷിച്ച കോട കണ്ടെത്തിയത്. സമീപത്തുനിന്നും വാറ്റുന്നതിനുള്ള ഉപകരണങ്ങളും ലഭിച്ചു. മുമ്പും ഈ ഭാഗത്തുനിന്നും നിരവധി തവണ കോട കണ്ടെടുത്തു നശിപ്പിച്ചിട്ടുണ്ട്.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി രാമക്കല്‍മേട്ടിലെ റിസോര്‍ട്ടുകളിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായാണ് വ്യാജമദ്യ നിര്‍മാണം നടക്കുന്നതെന്ന് കരുതുന്നു. എക്സൈസ് ഉദ്യോഗസ്ഥരായ പ്രകാശ്, പി.ടി. സിജു, പി.ഒ. അസീസ്, അനൂപ്, രതീഷ്, അരുണ്‍ മുരളീധരന് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.