ഹരിജന്‍ സഹ. സംഘത്തിനെതിരേ പരാതി
1489404
Monday, December 23, 2024 3:59 AM IST
നെടുങ്കണ്ടം: ജില്ലയില്‍ എല്‍ഡിഎഫ് ഭരിക്കുന്ന മറ്റൊരു സഹകരണ ബാങ്കിനെതിരേയും ക്രമക്കേട് ആരോപണം. രാമക്കല്‍മേട് ഹരിജന്‍ വിവിധോദേശ്യ സഹകരണ സംഘത്തിന് എതിരേയാണ് പരാതി. ഒരു വര്‍ഷത്തോളമായി കമ്മിറ്റി ചേരുന്നില്ലെന്നും നിയമനത്തിനു പണം വാങ്ങിയെന്നുമാണ് ആരോപണം.
എസ്സി, എസ്ടി വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നമനം ലക്ഷ്യംവച്ചാണ് രാമക്കല്‍മേട് കേന്ദ്രമാക്കി മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം ആരംഭിച്ചത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കമ്മിറ്റി വിളിക്കാന്‍ പ്രസിഡന്റ് തയാറാകുന്നില്ലെന്നാണ് ഭരണസമിതി അംഗങ്ങളുടെ ആരോപണം. സൊസൈറ്റിക്ക് രാമക്കല്‍മെട്ടില്‍ സ്വന്തമായി ഭൂമിയും കെട്ടിടവും ഉണ്ട്.
മുമ്പ് തയ്യല്‍ യൂണിറ്റ് അടക്കമുള്ള സ്ഥാപനങ്ങള്‍ നടത്തി അംഗങ്ങള്‍ക്ക് വരുമാനവും ഉറപ്പുവരുത്തിയിരുന്നു. സിപിഎമ്മിന്റെ നെടുങ്കണ്ടം മേഖലയിലെ ഒരു ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരേയാണ് സംഘത്തിന്റെ കമ്മിറ്റി അംഗങ്ങള്‍ അറിയാതെ നിക്ഷേപം സ്വീകരിച്ചതായും തിരിമറി നടത്തിയതായും സംഘത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായും ആരോപണം ഉയര്‍ന്നിട്ടുള്ളത്.
ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഭരണസമിതിയിലെ രണ്ട് അംഗങ്ങള്‍ സഹകരണ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചെന്നും ഇതുസംബന്ധിച്ചുള്ള അന്വേഷണം നാളെ ആരംഭിക്കുമെന്നും ഉടുമ്പന്‍ചോല സഹകരണ രജിസ്ട്രാര്‍ ഓഫീസ് അറിയിച്ചു.