ഒരുവശത്ത് പടയപ്പ, മറുവശത്ത് ഒറ്റക്കൊന്പൻ ഉറക്കമില്ലാതെ എസ്റ്റേറ്റ് മേഖലകൾ
1489763
Tuesday, December 24, 2024 7:16 AM IST
മൂന്നാർ: മൂന്നാറിലെ ജനവാസമേഖലകളിൽ തന്പടിച്ചിരിക്കുന്ന കാട്ടുകൊന്പൻമാർ മൂലം സമാധാനമായി ഉറങ്ങാനാവാതെ തൊഴിലാളികൾ. പകൽ പോലും പുറത്തിറങ്ങാനാവാതെ ബുദ്ധിമുട്ടുകയാണ് എസ്റ്റേറ്റ് നിവാസികൾ.
നയമക്കാട് എസ്റ്റേറ്റിലെ ലയങ്ങൾക്കു സമീപമാണ് കഴിഞ്ഞ ദിവസം പട്ടാപ്പകൽ ഒറ്റക്കൊന്പൻ എന്നു വിളിപ്പേരുള്ള കാട്ടാന എത്തിയത്. തൊട്ടുമുന്‍പുള്ള ദിവസം നയമക്കാട് എസ്റ്റേറ്റിനോടു ചേർന്നുള്ള കന്നിമലയിൽ പടയപ്പ ഇറങ്ങിയിരുന്നു. കാട്ടാനകളുടെ നിരന്തര സാന്നിധ്യം മൂലം കുട്ടികൾ ഉൾപ്പെടെയുള്ളവർ ഭയന്നു വിറച്ചാണ് സഞ്ചരിക്കുന്നത്.
ഏതാനും നാളുകൾക്കു മുന്‍പ് നയമക്കാട് എസ്റ്റേറ്റിൽ പടയപ്പയും ഒറ്റക്കൊന്പനും കൊന്പുകോർത്ത സംഭവവും ഉണ്ടായി. പ്രദേശത്തെ ജനങ്ങളുടെ ഭീതിയെ തുടർന്ന് കാട്ടാനകളെ നിരീക്ഷിക്കാൻ വനം വകുപ്പ് ആർആർടി സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു.
പിന്നീട് വിവിധയിടങ്ങളിലായി പടയപ്പ പ്രത്യക്ഷപ്പെട്ടത് ജനങ്ങളെ ആശങ്കയിലാക്കി. ദിവസങ്ങൾക്കു മുന്‍പാണ് കുട്ടിയാർ വാലിക്കു സമീപം സ്കൂൾ കുട്ടികളുമായി പോയ വാഹനത്തിനു നേരേ പടയപ്പ പാഞ്ഞടുത്തത്. തൊട്ടടുത്ത ദിവസം ഇതിനു സമീപത്തായി രണ്ടു കാറുകൾ ആക്രമിച്ചു.
ജനവാസമേഖലകളിൽ കാട്ടാനകൾ നിരന്തര സാന്നിധ്യമായിട്ടും വനം വകുപ്പ് ശക്തമായ നടപടികൾ എടുക്കാത്തത് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.