തൊടുപുഴ നഗരസഭാ ബസ് സ്റ്റാൻഡിലെ കൈയാങ്കളി; ഇനി നോക്കിനിൽക്കില്ല , കർശന നടപടിക്ക് പോലീസ്
1489762
Tuesday, December 24, 2024 7:16 AM IST
തൊടുപുഴ: നഗരസഭാ സ്വകാര്യ ബസ് സ്റ്റാൻഡിലെ അതിക്രമങ്ങളും സാമൂഹ്യവിരുദ്ധ ശല്യവും തടയുന്നതിനായി കർശന നടപടിയുമായി പോലീസ്. അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ജീവനക്കാർക്കെതിരേ ക്രിമിനൽ കേസെടുക്കുകയും ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവൽ പോൾ പറഞ്ഞു. കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയതിന്റെ പശ്ചാത്തലത്തിൽ ഇന്നലെ രാവിലെ മുതൽ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. മദ്യപിച്ച് ബസിൽ ജോലിക്കു കയറിയ കണ്ടക്ടറെ പിടികൂടുകയും ചെയ്തു.
കഴിഞ്ഞദിവസം തൊടുപുഴ-പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ഒടിയൻ, തച്ചുപറന്പിൽ എന്നീ സ്വകാര്യ ബസുകളിലെ ജീവനക്കാരാണ് യാത്രക്കാരിൽ ഭീതിയുയർത്തി സ്റ്റാൻഡിൽ ഏറ്റുമുട്ടിയത്. ഇതിനു മുന്പും നിരവധിത്തവണ ഈ ബസുകളിലെ ജീവനക്കാർ ഇത്തരം അക്രമസംഭവങ്ങൾ നടത്തിയിരുന്നു. ഏതാനും മാസം മുന്പ് സ്വകാര്യ ബസുകളിലെ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിനൊടുവിൽ മർദനമേറ്റ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ച സംഭവവുമുണ്ടായിരുന്നു.
രണ്ടു ബസുകളിലെയും ജീവനക്കാരുടെ പേരിൽ തൊടുപുഴയ്ക്കു പുറമേ പാലാ സ്റ്റേഷനിലും കേസുള്ളതായി ഡിവൈഎസ്പി പറഞ്ഞു. ഇതിന്റെ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് കേസ് ചാർജ് ചെയ്ത് വാഹനങ്ങൾ കോടതിയിൽ ഹാജരാക്കും. പെർമിറ്റ് റദ്ദു ചെയ്യാൻ മോട്ടോർ വാഹന വകുപ്പിന് ശിപാർശ ചെയ്യുമെന്നും ബസുടമകൾക്കെതിരേ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്വകാര്യബസുകളിലെ ജീവനക്കാർ ഏറ്റുമുട്ടിയത്. സമയക്രമത്തെ ചൊല്ലിയായിരുന്നു സംഘർഷം. തുടർന്ന് പോലീസ് എത്തി ജീവനക്കാരെയും ഉടമകളെയും പിടികൂടുകയും ബസുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
യാത്രക്കാരുടെ മുന്നിൽ വച്ചാണ് ബസ് ജീവനക്കാരുടെ അക്രമവും കൊലവിളിയും അരങ്ങേറുന്നത്. ബസ് ജീവനക്കർക്കു പുറമെ പണം പലിശയ്ക്കു കൊടുക്കുന്നവരും ലഹരി വിൽപ്പന നടത്തുന്നവരും സ്റ്റാൻഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയും മാഫിയ പ്രവർത്തനം നടത്തി വരുന്നുണ്ട്.
ബസ് സ്റ്റാൻഡിൽ അക്രമം പതിവായതോടെ ഏതാനും മാസം മുന്പ് നഗരസഭാ മുൻ ചെയർമാന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നിരുന്നു. ബസ് സ്റ്റാൻഡിന്റെ എല്ലാ ഭാഗത്തും കാമറകൾ സ്ഥാപിക്കാൻ യോഗത്തിൽ തീരുമാനിച്ചിരുന്നു. മറ്റു ബസുകളുടെ സമയം അധികമായി എടുക്കുകയും ബസ് ജീവനക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്ന ബസിന്റെയും ജീവനക്കാരുടെയും വിവരങ്ങൾ ആർടിഒയ്ക്ക് കൈമാറും.
സ്റ്റാൻഡിൽ അനധികൃതമായി പണം പലിശക്ക് നൽകുന്നവരെയും ലഹരി ഉൾപ്പെടെയുള്ളവ വില്പന നടത്തുന്നവരുടെയും വിവരങ്ങൾ ശേഖരിച്ച് പോലീസിനും എക്സൈസിനും കൈമാറാനും തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ പിന്നീട് കാര്യമായ നടപടികൾ ഉണ്ടായില്ല.
കഴിഞ്ഞ ദിവസത്തെ സംഭവത്തോടെയാണ് പരിശോധന കർശനമാക്കാൻ പോലീസ് തീരുമാനിച്ചത്. ഇന്നലെ ട്രാഫിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ സ്വകാര്യ ബസുകളിൽ പരിശോധന നടത്തി. മദ്യപിച്ചു വാഹനമോടിക്കുന്ന ഡ്രൈവർമാരെ പിടി കൂടാൻ ബ്രീത്ത് അനലൈസർ ഉപയോഗിച്ചായിരുന്നു പരിശോധന. ഇതിനിടെയാണ് മദ്യപിച്ച് ജോലി ചെയ്യാനെത്തിയ കണ്ടക്ടർ പിടിയിലായത്.