ദൈവത്തോടുള്ള സംഭാഷണമാകണം മൗനം: മാര്‍ കല്ലറങ്ങാട്ട്
1489405
Monday, December 23, 2024 3:59 AM IST
പാലാ: തിരുസഭയുടെ കാവല്‍ക്കാരനായി സഭ വണങ്ങുന്ന വിശുദ്ധ യൗസേപ്പില്‍ വിളങ്ങിയിരുന്ന നീതിബോധവും വിശുദ്ധിയും നമ്മുടെ കുടുംബത്തിലും പ്രാവര്‍ത്തികമാക്കണമെന്നും മനുഷ്യരോടുള്ള അകല്‍ച്ചയല്ല മറിച്ച് അത്യുന്നതനോടുള്ള സംഭാഷണമാണ് യൗസേപ്പിന്റെ മൗനമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ നാലാം ദിനം വിശുദ്ധ കുര്‍ബാന മധ്യേ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. മൗനമാണ് യൗസേപ്പിന്റെ മുഖമുദ്ര. രക്ഷാകര പദ്ധതിയുടെ അകക്കാമ്പും മൗനം തന്നെയാണ്. വിശുദ്ധ യൗസേപ്പിനോടുള്ള ഭക്തിയാണ് സുവിശേഷങ്ങളുടെയും മൗനപ്രാര്ഥനകളുടെയെല്ലാം അടിത്തറ.
ദൈവത്തിന്റെ വചനം പഠിക്കാനുള്ള രണ്ടു വഴികളാണ് ബൈബിളും നമ്മുടെ പാരമ്പര്യങ്ങളും. അവ ഒരുപോലെ ചേര്‍ത്തുപിടിക്കുമ്പോഴാണ് ദൈവവചനം എന്താണെന്ന് നമുക്ക് മനസിലാക്കുന്നതെന്നും മാർ കല്ലറങ്ങാട്ട് ഓര്‍മിപ്പിച്ചു.
വിശുദ്ധ കുര്‍ബാനയില്‍ വികാരി ജനറാള്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍, ആര്‍ച്ച്പ്രീസ്റ്റ് ഫാ. അഗസ്റ്റിന് കൂട്ടിയാനിയില്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഫാ. ജോസഫ് നരിതൂക്കില്‍ എന്നിവര്‍ സഹകാര്‍മികരായി.
പാലാ രൂപതയിലെ കുടുംബക്കൂട്ടായ്മയും ബൈബിള്‍ അപ്പൊസ്തലേറ്റും സംയുക്തമായി നടത്തിയ രണ്ടാമത് വചനനിധി മത്സരത്തില്‍ സമ്മാനാര്‍ഹരായവര്‍ക്കുള്ള പുരസ്കാര നിര്‍വഹണവും മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.
കുട്ടികള്‍, യുവജനങ്ങള്‍, സിസ്റ്റേഴ്സ്, സ്ത്രീകള്‍, പുരുഷന്മാര് എന്നീ അഞ്ച് വിഭാഗങ്ങളിലായിരുന്നു മത്സരം. രൂപത ഡയറക്ടര്‍മാരായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, ഫാ. ആല്ബിന് പുതുപ്പറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ബൈബിള്‍ കണ്വന്ഷന് ഇന്നു സമാപിക്കും
പാലാ രൂപത പ്ലാറ്റിനം ജൂബിലി ബൈബിള്‍ കണ്വന്ഷന് ഇന്നു സമാപിക്കും. ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, വൈകുന്നേരം നാലിന് ഫാ. ഡൊമിനിക് വാളന്മനാല് വിശുദ്ധ കുർബാന അര്‍പ്പിക്കും. ദിവ്യകാരുണ്യ ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഇന്ന് ഉണ്ടായിരിക്കും.
സുവിശേഷവത്കരണ വര്‍ഷാരംഭത്തിന് ഔപചാരികമായി തിരി തെളിയും. അതോടൊപ്പം കണ്‍വന്‍ഷന്റെ വിജയത്തിനു വേണ്ടി മികച്ച ധനശേഖരണം നടത്തിയ വ്യക്തികളെയും ഇടവകകളെയും കണ്വന്ഷന് വേദിയില്‍ ആദരിക്കും.