ഇറാനി സംഘത്തിൽപ്പെട്ട രണ്ടു പേര് പിടിയില്‍
1489915
Wednesday, December 25, 2024 4:27 AM IST
നെടുങ്കണ്ടം: തമിഴ്നാട്ടിലെ കുപ്രസിദ്ധ തസ്കര സംഘമായ ഇറാനി സംഘത്തിൽപ്പെട്ട രണ്ടുപേരെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടത്തെ ഒരു ജ്വല്ലറിയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. മധുര പേരയൂര്‍ സ്വദേശികളായ ഹൈദര്‍, മുബാറക് എന്നിവരാണ് പിടിയിലായത്.
നെടുങ്കണ്ടം പടിഞ്ഞാറേ കവലയിലെ സ്റ്റാര്‍ ജൂവല്‍സില്‍ ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേനയാണ് ഇരുവരും എത്തിയത്. ആഭരണങ്ങള്‍ കാണുന്നതിനിടെ ഹൈദര്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന ഒരു പാക്കറ്റ് കൈക്കലാക്കുകയായിരുന്നു.
സംഭവം ശ്രദ്ധിച്ച കടയുടമ ഇക്ബാല്‍ ഉടന്‍തന്നെ ഇയാളെ പിടികൂടി. ഈ സമയം കൂടെ ഉണ്ടായിരുന്ന മുബാറക് കടയില്‍നിന്ന് ഇറങ്ങി ഓടി. പിന്നീട് തമിഴ്നാട്ടിലേക്കു കടക്കാന്‍ ശ്രമിച്ച മുബാറക്കിനെ ശാന്തന്‍പാറ പോലീസിന്റെ സഹായത്തോടെ പിടികൂടി.
കേരളത്തില്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിരവധി മോഷണങ്ങളും കൊള്ളയും നടത്തിയിട്ടുള്ള തമിഴ്നാട് ഇറാനി സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായതെന്ന് നെടുങ്കണ്ടം പോലീസ് പറഞ്ഞു.തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇറാനി ഗ്യാംഗ് സമാനമായ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
ഏതാനും നാളുകള്‍ക്കു മുമ്പ് കോട്ടയത്തും രാജാക്കാട്ടിലും ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയത് ഇതേ സംഘമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.