പുൽക്കൂടും നക്ഷത്രങ്ങളും ക്രിസ്മസ്് ട്രീയും... നാടാകെ ക്രിസ്മസ് ആഘോഷത്തിൽ
1489771
Tuesday, December 24, 2024 7:16 AM IST
തൊടുപുഴ: നാടും നഗരവും ക്രിസ്മസ് തിരക്കിലമർന്നു. എങ്ങും ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിക്കാനുള്ള ഒരുക്കം. എവിടെ നോക്കിയാലും ആഘോഷത്തിനു മുന്നോടിയായുള്ള തിരക്കുകൾ തന്നെ. വീടുകളിലും സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും വിവിധ വർണങ്ങളിലുള്ള നക്ഷത്രവിളക്കുകൾ നിറഞ്ഞു നിൽക്കുകയാണ്. ക്രിസ്മസ് ആഘോഷം കളറാക്കാനാനുള്ള അവസാനവട്ട ഒരുക്കമാണ് എവിടെയും. വിദ്യാലയങ്ങൾ അടച്ചതോടെ ക്രിസ്മസ് വിപണിയിൽ തിരക്ക് വർധിച്ചു.
വിവിധ വർണങ്ങളിലുള്ള നക്ഷത്രങ്ങൾ, ക്രിസ്മസ്ട്രീകൾ, പുൽക്കൂടുകൾ, സാന്താക്ലോസ് ഉടുപ്പുകൾ, തൊപ്പി, മുഖംമൂടികൾ, അലങ്കാര ബൾബുകൾ തുടങ്ങിയവയെല്ലാം വലിയ തോതിലാണ് വിപണിയിൽ വിറ്റഴിയുന്നത്. പേപ്പർ നക്ഷത്രങ്ങൾക്കൊപ്പം എൽഇഡി നക്ഷത്രങ്ങളും കൂടുതലായി വിൽപ്പന നടക്കുന്നുണ്ട്. ഈറ്റയും പേപ്പറും ഉപയോഗിച്ചു നിർമിക്കുന്ന കൂറ്റൻ നക്ഷത്രങ്ങളും പല പള്ളികളുടെയും സ്ഥാപനങ്ങളുടെയും മുറ്റത്ത് സ്ഥാനംപിടിച്ചു.
സംഘം ചേർന്നുള്ള ക്രിസ്മസ് ആഘോഷങ്ങൾക്കായി വർണ ഉടുപ്പുകളുടെ വിൽപ്പന വസ്ത്ര ശാലകളിലും സജീവമായി. ചുവപ്പിലും വെള്ളയിലുമുള്ള വസ്ത്രങ്ങൾക്കാണ് ഡിമാന്ഡ് കൂടുതൽ. ഇത്തരം വസ്ത്രങ്ങൾ ഉപയോഗിച്ചാണ് വസ്ത്രശാലകളുടെ മുൻഭാഗം അലങ്കരിച്ചിരിക്കുന്നത്. ഇതോടൊപ്പം ചുവന്ന തൊപ്പിയാണ് ചൂടപ്പം പോലെ വിൽപ്പന നടന്ന മറ്റൊരിനം. ക്രിസ്മസിന് ആവേശം പകരാൻ കരോൾ സംഘങ്ങളും സജീവമായിരുന്നു.
സജീവമായി കേക്ക് വിപണി
ക്രിസ്മസ് എന്നാൽ മധുരതരമായ കേക്കുകളുടെ കാലമാണ്. പുതിയ രുചിയിലും നിറത്തിലുമുള്ള കേക്കുകൾ രംഗപ്രവേശം ചെയ്യുന്നത് ക്രിസ്മസ് സീസണിലാണ്. പല ബേക്കറികളും മത്സരസ്വഭാവത്തോടെയാണ് പുതിയ ഇനം കേക്കുകൾ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്ലം, മാർബിൾ, കാരറ്റ് കേക്കുകൾക്ക് പുറമെയാണ് വൈവിധ്യമാർന്ന ക്രിസ്മസ് കേക്കുകൾ ബേക്കറികളെ അലങ്കരിക്കുന്നത്. ഈന്തപ്പഴം, വനില, ചോക്ലേറ്റ് തുടങ്ങിയ രുചികളിലുള്ള കേക്കുകളും വിൽപ്പനയിൽ മുൻപന്തിയിലാണ്. ബേക്കറികളിൽ കേക്കുകളുടെ വൻ ശേഖരം തന്നെയാണ് എത്തിച്ചിരിക്കുന്നത്. ഇന്നും കേക്ക് വിൽപ്പന തകർക്കുമെന്നാണ് ബേക്കറിയുടമകളുടെ പ്രതീക്ഷ.
സജീവമാകാതെ പടക്കവിപണി
മുൻ വർഷങ്ങളെ അപേക്ഷിച്ച് പടക്കവിപണി ഇത്തവണ സജീവമായിട്ടില്ല. പാതയോരങ്ങളിൽ വ്യത്യസ്തയിനം പടക്കങ്ങൾ നിരന്നിട്ടുണ്ടെങ്കിലും വാങ്ങാൻ കാര്യമായ തിരക്കനുഭവപ്പെടുന്നില്ലെന്ന് കച്ചവടക്കാർ പറഞ്ഞു. പടക്കങ്ങളുടെ വിലയിൽ ഇത്തവണ കാര്യമായ വർധന ഉണ്ടായിട്ടില്ല. വലിയ ശബ്ദത്തിൽ പൊട്ടുന്ന പടക്കങ്ങളേക്കാൾ കുട്ടികൾക്കും മറ്റും ആസ്വദിക്കാൻ കഴിയുന്ന കന്പിത്തിരിക്കും മത്താപ്പൂവിനും മറ്റുമാണ് വിൽപ്പന കൂടുതൽ.
ഓലപ്പടക്കം പാക്കറ്റിന് 50 രൂപ നിരക്കിൽ ലഭിക്കും. അമിട്ടിന് 50 രൂപയാണ് വിലയ കന്പിത്തിരിക്ക് 10 മുതൽ 100 രൂപ വരെയും മത്താപ്പുവിന് 10 മുതൽ 200 വരെയും വിലയുണ്ട്. ചക്രം, റോക്കറ്റ് എന്നിവയ്ക്ക് 20 -60 എന്ന കണക്കിലാണ് വില. തീ കൊളുത്തിയാൽ ആകാശത്ത് പൊട്ടി വിരിയുന്ന ഷോട്ടിന് ആവശ്യക്കാർ ഏറെയുണ്ട്. 300 രൂപ മുതൽ 1500 വരെയാണ് ഷോട്ടിന് വില. ക്രിസ്മസിനെക്കാളും പുതുവത്സരത്തിനാണ് ഷോട്ട് വിൽപ്പന കൂടുതൽ നടക്കുന്നത്. ഇന്നു പടക്ക വിപണി തകൃതിയാകുമെന്നാണ് വിൽപ്പനക്കാരുടെ കണക്കുകൂട്ടൽ.
നഗരത്തിൽ ഗതാഗതക്കുരുക്ക്
ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് ജനങ്ങൾ കൂട്ടത്തോടെ നഗരത്തിലിറങ്ങിയതോടെ പ്രധാന ടൗണുകൾ ഗതാഗതക്കുരുക്കിലമർന്നു. തൊടുപുഴ നഗരത്തിൽ ഇന്നലെ വൻ ഗതാഗത തടസമാണുണ്ടായത്. ടൗണിലെത്തിയ സ്വകാര്യ വാഹനങ്ങൾ പാർക്കിംഗിന് ഇടം ലഭിക്കാതെ വീർപ്പുമുട്ടി. സ്വകാര്യ ബസ് സ്റ്റാൻഡ്, ഗാന്ധി സ്ക്വയർ, കഐസ്ആർടിസി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. കെഎസ്ആർടിസി ജംഗ്ഷനിൽ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു. പോലീസ് ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.