അയ്യപ്പഭക്തരുടെ വാഹനം വീടിനു മുകളിലേക്ക് മറിഞ്ഞു
1489765
Tuesday, December 24, 2024 7:16 AM IST
വണ്ടിപ്പെരിയാർ: ശബരിമല തീർഥാടകരുടെ വാഹനം വീടിനു മുകളിലേക്കു മറിഞ്ഞു. തിങ്കളാഴ്ച രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് തിരികെ കർണാടകത്തിലേക്ക് പോകുകയായിരുന്ന 14 പേർ സഞ്ചരിച്ചിരുന്ന ക്രൂയിസറാണ് അപകടത്തിൽപ്പെട്ടത്.
62-ാം മൈൽ പോളിടെക്നിക് കോളജ് കഴിഞ്ഞപ്പോൾ വളവിൽ റോഡിന് താഴെ ഉണ്ടായിരുന്ന വീടിനു മുകളിലേക്ക് വാഹനം മറിയുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി അയ്യപ്പഭക്തരെ വാഹനത്തിൽനിന്നും പുറത്തെടുത്തു. വീട്ടിൽ ആൾതാമസം ഇല്ലാതിരുന്നു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് സ്ഥലത്തെത്തി കുമളിയിൽനിന്നു ക്രെയിൻ എത്തിച്ച് വാഹനം കുഴിയിൽനിന്ന് ഉയർത്തി റോഡിലെത്തിച്ചു.