പൊട്ടൻകാട് സഹകരണ ബാങ്ക് ക്രമക്കേട്: പരാതി നൽകിയ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു
1489402
Monday, December 23, 2024 3:59 AM IST
കുഞ്ചിത്തണ്ണി: പൊട്ടൻകാട് സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച് സഹകരണസംഘം രജിസ്ട്രാർക്ക് പരാതി നൽകിയ ബാങ്കിന്റെ ഇന്റേണൽ ഓഡിറ്ററെ ഭരണസമിതി സസ്പെൻഡ് ചെയ്തു. ബാങ്കിന്റ് കൊച്ചുപ്പ് ശാഖയിലെ ജീവനക്കാരിയും ഇന്റേണൽ ഓഡിറ്ററുമായ കെ.ആർ. ഗീതയെയാണ് സസ്പെൻഡു ചെയ്തത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ബാങ്കിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന പേരിൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായാണ് ബാങ്ക് പ്രസിഡന്റ് നോട്ടീസ് നൽകിയിരിക്കുന്നത്.
നവംബർ 22നാണ് ഗീത സഹകരണസംഘം രജിസ്റ്റാർക്ക് പരാതി നൽകിയത്. പരാതി അന്വേഷിക്കുന്നതിന് സഹകരണ സംഘം രജിസ്റ്റർ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായി നവംബർ 30ന് അഡീഷണൽ രജിസ്ട്രാറുടെ അറിയിപ്പ് ഗീതയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ, ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.
2013 മുതൽ ബാങ്കിൽ നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് ഗീത നൽകിയ പരാതിയിൽ 38 ഗുരുതര ആരോപണങ്ങളാണുള്ളത്. സംഘത്തിന്റെ സോഫ്റ്റ്വേയറിൽ കൃത്രിമം കാണിക്കാൻ തന്നെ നിർബന്ധിച്ചെന്നും ഇതിന് സമ്മതിക്കാത്തതിനാൽ മുൻ പ്രസിഡന്റ് ഷൈലജ സുരേന്ദ്രൻ, സെക്രട്ടറി ബെന്നി ജോസഫ് എന്നിവർ ചേർന്ന് തന്നെ സസ്പെൻഡ് ചെയ്യാൻ നീക്കം നടത്തിയെന്നും ഗീത പറയുന്നു.
കഴിഞ്ഞവർഷം ജനുവരിയിൽ നടന്ന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രചാരണത്തെത്തുടർന്ന് പത്തു കോടി രൂപ ഒറ്റയടിക്ക് നിക്ഷേപകർ പിൻവലിക്കുകയും ചെയ്തെന്ന് ഗീതയുടെ പരാതിയിൽ പറയുന്നു. സഹകരണ സംഘം രജിസ്ട്രാർ, സഹകരണ വിജിലൻസ് ഡയറക്ടർ, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടർ, ഹൈക്കോടതി ജഡ്ജി എന്നിവർക്കും ഗീത പരാതിയുടെ പകർപ്പ് നൽകിയിട്ടുണ്ട്.
എം.എം. മണി എംഎൽഎ രണ്ടു തവണ ഡയറക്ടറായിരുന്ന പൊട്ടൻകാട് സർവീസ് സഹകരണ ബാങ്കിൽ സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗം ഷൈലജ സുരേന്ദ്രനും ഇവരുടെ ഭർത്താവ് പി.എ. സുരേന്ദ്രനും പ്രസിഡന്റുമാരായിരുന്നു. വി.പി. ചാക്കോയാണ് നിലവിലെ പൊട്ടൻകാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്.
ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ തന്നെ ഒറ്റപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി ഗീത ആരോപിച്ചു.