പാഴ്വസ്തുക്കൾ ജിബിന്റെ കരവിരുതിൽ മോഡലുകൾ
1485461
Monday, December 9, 2024 3:36 AM IST
മൂലമറ്റം: ജിബിൻ ബോബിയുടെ കരവിരുതിൽ ഇതൾ വിരിയുന്നത് മനംകവരുന്ന കലാസൃഷ്ടികൾ. സമീപപ്രദേശത്ത് വീട് നിർമാണത്തിനുശേഷം കൂട്ടിയിട്ടിരുന്ന പാഴ്വസ്തുക്കൾ ഉപയോഗിച്ചാണ് അറക്കുളം സെന്റ് മേരിസ് എച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിയായ ജിബിൻ തന്റെ കലാചാതുര്യം പ്രകടമാക്കുന്നത്.
ആദ്യം കാർഡ്ബോർഡിൽ ആയിരുന്നു കലാസൃഷ്ടികൾ നിർമിച്ചിരുന്നത്. ഇപ്പോൾ ഫോം ഷീറ്റ് ഉപയോഗിച്ചാണ് നിർമാണം. ലോറികൾ, ബൈക്കുകൾ, ടൂറിസ്റ്റ് ബസുകൾ തുടങ്ങി വിവിധ വാഹനങ്ങളുടെ മിനിയേച്ചർ മോഡലുകളാണ് ഈ വിദ്യാർഥിയുടെ കരസ്പർശത്തിൽ രൂപപ്പെടുന്നത്. നേരത്തെ അലങ്കാര മത്സ്യങ്ങളെ വളർത്തുന്നതായിരുന്നു പ്രധാന ഹോബി.
മുട്ടം ചള്ളാവയൽ അഴകത്ത് ബോബി - സുജ ദന്പതികളുടെ മകനാണ് ജിബിൻ. സഹോദരൻ ജിസ്മോൻ ഇലക്ട്രീഷനാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഭാവനയുടെ ചിറകിലേറി കലാസൃഷ്ടികൾ നിർമിക്കാൻ കഴിയുന്നുവെന്നതാണ് ജിബിനെ വ്യത്യസ്തനാക്കുന്നത്.
ആദ്യം നിർമിച്ച മോഡലുകളൊക്കെ ഇഷ്ടപ്പെട്ടവർ വാങ്ങിക്കൊണ്ടുപോയി. പഠനത്തിനൊപ്പം കലയുടെ ലോകത്തും മികവ് പ്രകടിപ്പിക്കാനുള്ള ശ്രമത്തിലാണ് ജിബിൻ.