ഏലക്ക മോഷണം: മൂന്നുപേർ പിടിയിൽ
1485225
Sunday, December 8, 2024 3:45 AM IST
ഉപ്പുതറ: ഏലക്ക മോഷ്ടിച്ച മൂന്നുപേരെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ചീന്തലാർ മൂന്നാം ഡിവിഷൻ കന്പിലയത്തിൽ കണ്ണക്കൻ എം . റെജി (54), ആനപ്പള്ളം പുത്തൻപറന്പിൽ പി.ആർ. സന്തോഷ് (27), മൂന്നാം ഡിവിഷൻ മൂന്നുമുറി ലയത്തിൽ പ്ലാമൂട്ടിൽ ജിനു വർഗീസ് (35) എന്നിവരാണ് അറസ്റ്റിലായത്.
മേരികുളം നിരപ്പേൽക്കട പുല്ലാട്ട് റെജിയുടെ ചീന്തലാർ ലൂസിഫർ പള്ളിക്കു സമീപം മൂന്നാം ഡിവിഷൻ പതാൽക്കാട്ടിലെ പാട്ടഭൂമിയിൽനിന്നാണ് ഇവർ 25 കിലോ പച്ചഏലക്ക മോഷ്ടിച്ചത്. ശരം ഉൾപ്പെടെ മുറിച്ചെടുക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ കണ്ണക്കൻ എം. റെജിയുടെ വീട്ടിലിരുന്ന് ശരത്തിൽനിന്ന് ഏലക്ക അടർത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.
പുറത്തുനിന്നു താഴിട്ടുപൂട്ടിയ നിലയിലായിരുന്നു വീട്. ഏലക്ക മോഷണം പോയ വിവരം ഇതിനോടകം നാട്ടുകാർ അറിഞ്ഞിരുന്നു. പുറത്തുനിന്നു പൂട്ടിയിരുന്ന വീടിനുള്ളിൽ ആളനക്കം ഉണ്ടെന്നു സമീപവാസിയായ പഞ്ചായത്തംഗം എം.എൻ. സന്തോഷ്, ഹോംഗാർഡ് തൊണ്ടിപ്പറന്പിൽ മോനിച്ചൻ എന്നിവർക്ക് മനസിലായി. ഇവർ വിവരം ഉപ്പുതറ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.