വളർത്തുമൃഗങ്ങൾക്ക് രക്ഷകരായി ഫയർഫോഴ്സ്
1484982
Saturday, December 7, 2024 3:46 AM IST
തൊടുപുഴ: മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി കിണറ്റിലും കുഴിയിലും അകപ്പെട്ട വളർത്തു മൃഗങ്ങളെ തൊടുപുഴ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. മൂന്നു ദിവസമായി കിണറ്റിൽ അകപ്പെട്ട നായയെ രക്ഷപ്പെടുത്തിയതായിരുന്നു ആദ്യത്തെ സംഭവം.
മണക്കാട് താനാട്ട് ജനാർദ്ദനന്റെ കിണറ്റിലാണ് നായ വീണത്. നായയെ രക്ഷപ്പെടുത്താൻ വീട്ടുകാർക്ക് സാധിക്കാത്തതിനാൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷിച്ചു. ഫയർ ഓഫീസറായ ഷിബിൻ ഗോപി 18 അടി താഴ്ചയുള്ള കിണറിലിറങ്ങിയാണ് നായയെ കരയ്ക്കെത്തിച്ചത്.
ഇന്നലെ പുലർച്ചെ നെയ്യശേരിയിലായിരുന്നു അടുത്ത സംഭവം. നെയ്യശേരി അരഞ്ഞാണിയിൽ സണ്ണി ജോസഫിന്റെ പശു തൊഴുത്തിനോട് ചേർന്നുള്ള ചാണകക്കുഴിയിൽ അകപ്പെട്ടു. കുഴിയിൽനിന്നും ചാണകം കോരി മാറ്റിയ ശേഷം സമീപത്തെ മണ്ണിടിച്ച് പശുവിനെ റെസ്ക്യു ബെൽറ്റ് ഉപയോഗിച്ച് വലിച്ചു കരയ്ക്കെത്തിക്കുകയായിരുന്നു.
ഇന്നലെ രാവിലെ എട്ടോടെ കരിങ്കുന്നം പൊന്നന്താനത്ത് കിണറ്റിൽ വീണ പശുവിനെയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വടക്കഞ്ചേരിയിൽ മത്തായി എന്നയാളുടെ കിണറ്റിൽ സമീപവാസിയായ പാന്പനാൽ രതീഷ് രവിയുടെ പശു അകപ്പെടുകയായിരുന്നു. 25 അടി താഴ്ചയുള്ള കിണറ്റിൽ 10 അടിയോളം വെള്ളവും ഉണ്ടായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം നാട്ടുകാരുടെ സഹായത്തോടെ പശുവിനെ പുറത്തെത്തിച്ചു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാന്റെ നേതൃത്വത്തിൽ ജയിംസ് പുന്നൻ, എഫ്.എസ്. ഫ്രിജിൻ, രാജീവ് ആർ. നായർ, ഷിബിൻ ഗോപി, എം.കെ. ബിനോദ്, പി.എൻ.അനൂപ് , മാത്യു ജോസഫ്, എന്നിവർ നേതൃത്വം നൽകി.