മെംബർ എവിടെ? വാർഡിലെ വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചതായി ആരോപണം
1484755
Friday, December 6, 2024 4:33 AM IST
നെടുങ്കണ്ടം: ആറുമാസമായി വാർഡിൽ മെംബറില്ല. വികസന പ്രവർത്തനങ്ങൾ മുടങ്ങുന്നതായി ആക്ഷേപം. നെടുങ്കണ്ടം പഞ്ചായത്ത് 13-ാം വാര്‍ഡ് അംഗമായ വിജയലക്ഷ്മി ഇടമനയാണ് കഴിഞ്ഞ ആറു മാസമായി സ്ഥലത്തില്ലാത്തത്.
ആദ്യ മൂന്ന് മാസം അവധിയെടുത്ത മെംബർ തുടർ അവധിക്ക് അപേക്ഷിച്ചതോടെ പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം മൂന്നു മാസം കൂടി അവധി നീട്ടി നൽകി. ഈ കാലാവധി നവംബർ 30ന് അവസാനിച്ചു. ഇവർ വിദേശത്താണന്നു പറയുന്നു.
കോമ്പയാർ ഉൾപ്പെടുന്ന കല്ലുമേക്കല്ല് വാർഡിലെ സിപിഐ അംഗമാണ് വിജയലക്ഷ്മി ഇടമന. നിലവിൽ പഞ്ചായത്ത് പ്രസിഡന്റിനാണ് വാർഡിന്റെ ചുമതല.
മെംബർ സ്ഥലത്തില്ലാതായതോടെ വാർഡിൽ ഭരണപ്രതിസന്ധിയാണെന്നാണ് പ്രതിപക്ഷ മെംബർമാർ ആരോപിച്ചു. ഇവരുടെ വാർഡിലുള്ള കർഷക കോൺഗ്രസ് ഉടുമ്പൻചോല മണ്ഡലം പ്രസിഡന്റ് ജോയി കുന്നുവിളയും മുൻപ് ആരോപണവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം മെംബറുടെ നിലവിലെ അവധി നിയമാനുസൃതമാണെന്നും ഫെബ്രുവരിക്കുള്ളിൽ കമ്മിറ്റിയിൽ പങ്കെടുത്തില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിക്ക് മെംബർക്കെതിരേ നടപടി സ്വീകരിക്കാൻ കഴിയുമെന്നുമാണ് പറയുന്നത്.