ഉപതെരഞ്ഞെടുപ്പ്: പന്നൂർ വാർഡിൽ പോരാട്ടം ശക്തം
1484753
Friday, December 6, 2024 4:33 AM IST
കരിമണ്ണൂർ: പത്തിന് ഉപതെരഞ്ഞെടുപ്പു നടക്കുന്ന കരിമണ്ണൂർ പഞ്ചായത്തിലെ ഒന്‍പതാം വാർഡായ പന്നൂരിൽ ശക്തമായ പോരാട്ടം. മുൻ മെംബർ ഡി.ദേവസ്യയെ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനാക്കിയതിനെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
യുഎഡിഎഫ് സ്ഥാനാർഥിയായി കോണ്‍ഗ്രസിലെ എ.എൻ. ദിലീപ്കുമാറും എൽഡിഎഫിനുവേണ്ടി സിപിഎമ്മിലെ ജെയിൻ അഗസ്റ്റിനും ബിജെപി സ്ഥാനാർഥിയായി അനിൽ ചന്ദ്രനുമാണ് മത്സരരംഗത്തുള്ളത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ച ഡി.ദേവസ്യ 58 വോട്ടുകൾക്കാണ് ഇവിടെനിന്നു വിജയിച്ചത്. യുഡിഎഫിലെ എ.എൻ. ദിലീപ്കുമാറിന് 300 വോട്ടും ബിജെപി സ്ഥാർഥിയായിരുന്ന അംബിക വിജയന് 175 വോട്ടുകളുമാണ് ലഭിച്ചത്.
ഇത്തവണ 971 വോട്ടർമാരാണ് ഇവിടെയുള്ളത്. പന്നൂർ എൻഎസ്എസ് യുപിഎസിലാണ് പോളിംഗ് നടക്കുന്നത്. നിലവിൽ കരിമണ്ണൂർ പഞ്ചായത്തിൽ എൽഡിഎഫ്-7, യുഡിഎഫ്-6 എന്നിങ്ങനെയാണ് കക്ഷിനില.