കാരിക്കോട്-തെക്കുംഭാഗം റോഡിൽ പൈപ്പ് മാറ്റൽ ആരംഭിച്ചു
1484752
Friday, December 6, 2024 4:33 AM IST
തൊടുപുഴ: റോഡ് നിർമാണ പ്രവർത്തനങ്ങൾ നിലച്ചതിനെതിരേ പ്രതിഷേധം ശക്തമായതോടെ കാരിക്കോട് - തെക്കുംഭാഗം റോഡിൽ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന ജോലികൾ ജല അഥോറിറ്റി ആരംഭിച്ചു. റോഡിൽ പല ഭാഗത്തും പൊട്ടിയ പൈപ്പുകൾ അറ്റകുറ്റപ്പണി നടത്താനും റോഡരികിൽ ശരിയായി താഴ്ത്താതെ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ അരികിലേക്കു മാറ്റി സ്ഥാപിക്കുന്നതിനും ജല അഥോറിറ്റി തയാറാകാത്തതിനെത്തുടർന്നാണ് റോഡ് നിർമാണം നിലച്ചത്.
ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മാത്രമല്ല പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനായി ജല അഥോറിറ്റിയിൽ നാലു ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അടച്ചെങ്കിലും ഇവരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും പ്രശ്നത്തിൽ ഇടപെട്ടു. എന്നിട്ടും നടപടികൾ വൈകുകയായിരുന്നു.
ഇന്നലെ മുതലാണ് പൈപ്പ് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചത്. തെക്കുംഭാഗം മുതൽ മലങ്കര ഗേറ്റ് വരെയുള്ള ഭാഗത്തെ പൈപ്പുകൾ അരികിലേക്ക് മാറ്റി താഴ്ത്തി സ്ഥാപിക്കുന്ന ജോലികളാണ് ആരംഭിച്ചത്.
റോഡരികിൽ തടസമായി നിൽക്കുന്ന അഞ്ച് വൈദ്യുതി പോസ്റ്റുകൾ അരികിലേക്കു മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബി തയാറായിട്ടില്ല. ഇതിനെതിരേ സിപിഎം നേതാക്കളും പ്രവർത്തകരും കെഎസ്ഇബി ഓഫീസിൽ എത്തിയിരുന്നു. ഉടൻ നടപടി ഉണ്ടാകുമെന്നാണ് കെഎസ്ഇബി അധികൃതർ പറഞ്ഞത്.
പുനർനിർമാണത്തിന്റെ ഭാഗമായി റോഡിലെ മെറ്റൽ ഇളക്കിയ ഭാഗവും കുഴിയായി മാറിയ ഭാഗവും ചെളിക്കുളമായി മാറിയത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. കാരിക്കോട് മുതൽ തെക്കുംഭാഗം മലങ്കര ഗേറ്റ് വരെ 4.2 കിലോമീറ്റർ റോഡ് ആധുനിക നിലവാരത്തിൽ വീതി കൂട്ടി ടാറിംഗ് ചെയ്യുന്നതിനും കലുങ്കുകളും കൽക്കെട്ടുകളും ഉൾപ്പെടെ നിർമിക്കുന്നതിനുമായി 4.85 കോടിയാണ് അനുവദിച്ചത്.
നാലു മാസം മുൻപാണ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ ജല അഥോറിറ്റിയും കെഎസ്ഇബിയും തടസം സൃഷ്ടിച്ചതോടെ പൊതുമരാമത്ത് വകുപ്പ് റോഡ് നിർമാണം നിർത്തുകയായിരുന്നു.