ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രഗ്രാമം ഒരുക്കി രാജകുമാരി ഇടവക
1484748
Friday, December 6, 2024 4:33 AM IST
രാജകുമാരി: ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രഗ്രാമം ഒരുക്കി രാജകുമാരി ഇടവക. കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് നക്ഷത്രഗ്രാമം ഒരുക്കുന്നത്. രാജകുമാരി ദൈവമാതാ ഇടവകയിലെ കുടുംബകൂട്ടായ്മകൾ വിവിധ വലുപ്പത്തിലും വർണത്തിലുമുള്ള നാല്പത്തിമൂന്ന് നക്ഷത്രങ്ങളാണ് ഇടവക ദേവാലയത്തിനു മുൻപിൽ ഒരുക്കിയിരിക്കുന്നത്.
തുടർച്ചയായി രണ്ടാം വർഷമാണ് വാർഡ് കൂട്ടായ്മാ യൂണിറ്റുകളുടെ സഹകരണത്തോടെ പള്ളിയങ്കണത്തിൽ വർണവെളിച്ചം വിതറുന്നത്. കുടുംബ കൂട്ടായ്മകൾ മത്സരാടിസ്ഥാനത്തിലാണ് നക്ഷത്രങ്ങൾ സ്ഥാപിച്ചത്.അഞ്ച് അടിയോളം ഉയരമുള്ള നക്ഷത്രവിളക്കുകളാണ് ഓരോ യൂണിറ്റും അണിയിച്ചൊരുക്കിയിരിക്കുന്നത്.
നക്ഷത്രവിളക്കുകളുടെ നിർമാണം മൂന്നു ദിവസം കൊണ്ടാണ് പൂർത്തീ കരിച്ചത്. വികാരി ജനറാൾ മോൺ. ഏബ്രാഹം പുറയാറ്റ്, സഹവികാരിമാരായ ഫാ. ജോബി മാതാളികുന്നേൽ, ഫാ. ജെഫിൻ എലിവാലുങ്കൽ, കൈക്കാരന്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, യുവജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ 25 അടി ഉയരമുള്ള വലിയ നക്ഷത്രവും പള്ളിമുറ്റത്ത് ഒരുക്കിട്ടുണ്ട്.
രാത്രി രാജാക്കാട് - പൂപ്പാറ റോഡിലൂടെ കടന്നുപോകുന്നവർക്ക് കാഴ്ചയുടെ വർണ വെളിച്ചമാണ് നക്ഷത്രഗ്രാമം പകരുന്നത്.