ഇടുക്കി മെഡി. കോളജിൽ അത്യാധുനിക ലാപ്രോസ്കോപ്പി സംവിധാനം
1484746
Friday, December 6, 2024 4:33 AM IST
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിനു കീഴിൽ ആധുനിക ലാപ്രോസ്കോപ്പി സംവിധാനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. 58.5 ലക്ഷം രൂപ വില വരും.
താക്കോൽ ദ്വാര ശസ്ത്രക്രിയകൾ നടത്തുന്നതിനാണ് ഈ യൂണിറ്റുകൾ ഉപയോഗിക്കുക . നിലവിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ സ്ഥാപിച്ചിട്ടുള്ള ലാപ്രോസ്കോപ്പി യൂണിറ്റുകളിൽ ഏറ്റവും വിലയേറിയതും ആധുനിക സൗകര്യങ്ങൾ ഉള്ളതുമായ യൂണിറ്റാണ് ഇടുക്കി മെഡിക്കൽ കോളജിൽ സ്ഥാപിച്ചിട്ടുള്ളതെന്നും മെഡിക്കൽ കോളജ് വികസനത്തിനുള്ള എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി ചടങ്ങിൽ ഉറപ്പു നൽകി.
റോഡ് വികസനം ഉടൻതന്നെ ആരംഭിക്കുമെന്നും അതിനുവേണ്ടി 18 കോടി രൂപ വക ഇരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇടുക്കി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ടോമി മാപ്പിലകയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്, ആർഎംഒ ഡോ. നവാസ്, സർജറി വിഭാഗം മേധാവി ഡോ. ആർ. സി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.