പെൻഷൻ തട്ടിപ്പ് : ശമ്പളത്തുക തിരിച്ചുപിടിക്കണം: കേരള കർഷകയൂണിയൻ
1484745
Friday, December 6, 2024 4:21 AM IST
ചെറുതോണി: സിവിൽ സർവീസിന്റെ ആത്മാഭിമാനം നശിപ്പിക്കുകയും ജനങ്ങളുടെ വിശ്വാസം തകർക്കുകയും ചെയ്ത് അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയെടുത്ത സർക്കാർ ജീവനക്കാരിൽനിന്നു പെൻഷൻ കൈപ്പറ്റിയ കാലയളവ് ശമ്പളമില്ലാത്ത അവധിയാക്കി മാറ്റി ശമ്പളത്തുക തിരിച്ചുപിടിക്കണമെന്ന് കേരള കർഷകയൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു.
ജീവനക്കാരെ പിരിച്ചുവിടണമെന്ന അഭിപ്രായത്തോടും കൈപ്പറ്റിയ പെൻഷൻതുക തിരിച്ചടച്ചാൽ മതിയെന്ന നിർദേശങ്ങളോടും യോജിക്കാനാവില്ല. അനർഹമായി പെൻഷൻ വാങ്ങാൻ സാഹചര്യമൊരുക്കിയവർക്കെതിരേയും അന്വേഷണവും നടപടിയും വേണം.
60 വയസ് കഴിഞ്ഞ കർഷക തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ നിന്നും 2014 മുതൽ നൽകുവാനുള്ള പെൻഷൻ കുടിശിക തീർത്ത് വിതരണം ചെയ്യാൻ സർക്കാർ ക്ഷേമനിധി ബോർഡിന് തുക അനുവദിക്കണം. കർഷകപെൻഷൻ അപേക്ഷകൾ പരിഗണിക്കുന്നതിലെ കാലതാമസം ഒഴിവാക്കണം. കർഷക ക്ഷേമനിധി ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു.