പന്പിൽ അതിക്രമം; രണ്ട് യുവാക്കൾ പിടിയിൽ
1484738
Friday, December 6, 2024 4:21 AM IST
തൊടുപുഴ: രാത്രി അടച്ച പന്പിൽനിന്നു പെട്രോൾ നൽകണമെന്ന് ആവശ്യപ്പെട്ട് യുവാക്കൾ ജീവനക്കാരെ കൈയേറ്റം ചെയ്തതായി പരാതി. കലൂർ പെരുമാംകണ്ടത്തുള്ള പുത്തൻപുരയ്ക്കൽ ഫ്യൂവൽസിലാണ് ബുധനാഴ്ച രാത്രി ആക്രമണമുണ്ടായത്.
പന്പിന്റെ പ്രവർത്തനം നിർത്തിയ ശേഷം ഓഫീസിൽ പണം എണ്ണിക്കൊണ്ടിരുന്ന ജീവനക്കാർക്കു നേരേയാണ് ആക്രമണമുണ്ടായത്. പന്പ് അടച്ചു എന്നു പറഞ്ഞ ഉടൻ യുവാക്കൾ ആക്രമണം നടത്തുകയായിരുന്നെന്ന് ജീവനക്കാർ പറഞ്ഞു. ബഹളം കേട്ട് സമീപത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിലെ ജീവനക്കാരും നാട്ടുകാരും ഓടിയെത്തിയാണ് പന്പ് ജീവനക്കാരെ അക്രമികളിൽനിന്നു രക്ഷിച്ചത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കല്ലൂർക്കാട് പോലീസ് യുവാക്കളെ പിടികൂടി. കോടനാട് കൂവപ്പടി മോളത്താൻ ആൽവിൻ, എടപ്പള്ളി വരപ്പടവിൽ അജീഷ് എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരേ പോലീസ് കേസെടുത്തു.