പ്രഭാതഭക്ഷണം നിലച്ചു; പഞ്ചായത്ത് പ്രസിഡന്റിന് കത്തെഴുതി വിദ്യാർഥി
1484737
Friday, December 6, 2024 4:21 AM IST
വെള്ളിയാമാറ്റം: പട്ടികവർഗ വിദ്യാർഥികളുടെ പ്രഭാത ഭക്ഷണം മാസങ്ങളായി നിലച്ചതോടെ പൂമാല ഗവ. ട്രൈബൽ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റിനു കത്തെഴുതി.
“ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ്
അറിയുന്നതിന്,
ഞാൻ പൂമാല ഗവ. ട്രൈബൽ സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയാണ്. വർഷങ്ങളായി ഞങ്ങൾക്ക് പഞ്ചായത്തിന്റെ സഹായത്തോടെ പ്രഭാത ഭക്ഷണം ലഭിച്ചിരുന്നതാണ്. എന്നാൽ കഴിഞ്ഞ ജൂണ് മുതൽ പ്രഭാതഭക്ഷണം ലഭിക്കുന്നില്ല.
ഞങ്ങളുടെയൊക്കെ വീട്ടിൽ പ്രഭാത ഭക്ഷണം ലഭിക്കാറില്ല. സ്കൂളിൽനിന്ന് ലഭിക്കുന്നത് ഏറെ ആശ്വാസമായിരുന്നു. ആയതിനാൽ ചേച്ചിമാർക്ക് പണം നൽകി ഞങ്ങൾക്ക് മുടക്കംകൂടാതെ പ്രഭാതഭക്ഷണം ലഭിക്കാൻ പ്രിയപ്പെട്ട പ്രസിഡന്റിന്റെ സഹായവും ഇടപെടലും ഉണ്ടാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.’’
ആറുമാസമായി പ്രഭാതഭക്ഷണം ലഭിക്കാത്ത 200 വിദ്യാർഥികളെ പ്രതിനിധീകരിച്ച് തങ്കളുടെ സങ്കടം ചൂണ്ടിക്കാട്ടി ആറാം ക്ലാസ് വിദ്യാർഥിനി എഴുതിയ കത്താണിത്. വെള്ളിയാമറ്റം പഞ്ചായത്തിലെ പൂമാല, പൂച്ചപ്ര, നാളിയാനി, കരിപ്പലങ്ങാട് സ്കൂളുകളിൽ പ്രഭാത ഭക്ഷണത്തിന് അർഹരായ 200 പട്ടിക വർഗത്തിൽപ്പെട്ട വിദ്യാർഥികളാണുള്ളത്. ഓരോ സ്കൂളിലും വൻ തുക കുടിശികയായി നൽകാനുണ്ട്.
പട്ടികവർഗ വിദ്യാർഥികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മറികടക്കുക, പഠനരംഗത്തെ ഉണർവ് തുടങ്ങി ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് അമൃതം എന്ന പേരിൽ പദ്ധതി ആരംഭിച്ചത്. എൽപി, യുപി വിഭാഗത്തിലെ വിദ്യാർഥികൾക്കായിരുന്നു പ്രഭാത ഭക്ഷണം നൽകിവന്നത്. പ്രഭാതഭക്ഷണം നിലച്ചതോടെ ഉച്ചവരെ വിദ്യാർഥികൾ വിശന്നിരി ക്കേണ്ട അവസ്ഥയാണ്.
“പൊതുപ്രവർത്തന ജീവിതത്തിലെ ഏറ്റവും വിഷമകരമായ അവസ്ഥയാണ് പട്ടികവർഗ വിദ്യാർഥികളുടെ ഭക്ഷണം മുടങ്ങി എന്നത്. സംഭവത്തിന്റെ ഗൗരവം മനുഷ്യാവകാശ കമ്മീഷനെയും ബാലാവകാശ കമ്മീഷനെയും ധരിപ്പിച്ച് എത്രയും വേഗം പരിഹാരം കാണും. പിന്നാക്ക മേഖലയായ വെള്ളിയാമറ്റം പഞ്ചായത്തിൽ തനത് ഫണ്ടിന്റെ ലഭ്യതക്കുറവ് ഇല്ലായിരുന്നെങ്കിൽ ഈ ദുരവസ്ഥ വരില്ലായിരുന്നു. അടിയന്തര ഇടപെടൽ തീർച്ചയായും ഉണ്ടാകും.’’
പ്രസിഡന്റ് മോഹൻദാസ് പുതുശേരി