ന്യൂമാൻ കോളജ് എൻസിസിക്ക് സഹചാരി അവാർഡ്
1484494
Thursday, December 5, 2024 4:08 AM IST
തൊടുപുഴ: ന്യൂമാൻ കോളജ് എൻസിസി യൂണിറ്റിന് സംസ്ഥാന സർക്കാരിന്റെ അവാർഡ്. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഉന്നമനത്തിനായി എൻസിസി ആവിഷ്കരിച്ചു നടപ്പാക്കിയ വിവിധ പദ്ധതികളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സോഷ്യൽ ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് ജില്ലയിലെ ഏറ്റവും മികച്ച സംഘടനയായി ന്യൂമാൻ കോളജ് എൻ സിസി യൂണിറ്റിനെ തെരഞ്ഞെടുത്തത്.
സംസ്ഥാനത്ത് ഈ അംഗീകാരം നേടിയ ഏക എൻസിസി യൂണിറ്റാണിത്. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഭിന്നശേഷിക്കാർക്കുള്ള ദ കന്പാനിയൻ, ഗൈഡിംഗ് സ്റ്റാർ, ഹെൽപ്പിംഗ് ഹാൻഡ്, ഉദയ പ്രോജക്റ്റ്, പുരസ്കാർ പരിയോജന, സഹായക് കേന്ദ്ര എന്നീ കർമ പരിപാടികളാണ് ന്യൂമാൻ കോളജിനെ ഏറ്റവും മികച്ച സ്ഥാപനമായി തെരഞ്ഞടുക്കുന്നതിൽ നിർണായകമായത്.
കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിനു കീഴിൽ ഏറ്റവും മികച്ച എൻസിസി യൂണിറ്റായി രണ്ടുപ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ട ന്യൂമാൻ കോളജിലെ എൻസിസി ബാൻഡ് ടീം ഈ വർഷത്തെ റിപ്പബ്ലിക്ദിന പരേഡിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അന്താരാഷ്ട്ര ഭിന്നശേഷി ദിനചാരണത്തിന്റെ ഭാഗമായി തൃശൂർ വികെഎൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ഡോ.ആർ. ബിന്ദുവിൽനിന്നു ന്യൂമാൻ കോളജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ്, എൻസിസി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി.മാത്യു, അണ്ടർ ഓഫീസർ സാരംഗ് ഷാജി, ബി.അഖിൽ കുമാർ, അലൻ റ്റാജു, ആദിത്യ മനോജ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.