നെടുങ്കണ്ടം ഡിപ്പോയിലെ ജനപ്രിയ സര്‍വീസുകള്‍ റൂട്ട് മാറ്റുന്നെന്ന്
1484490
Thursday, December 5, 2024 4:08 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജനപ്രിയ സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ളവയുടെ റൂട്ട് മാറ്റുന്നതായി ആക്ഷേപം. നെടുങ്കണ്ടത്തുനിന്നു പത്തനംതിട്ടയ്ക്കുള്ള ബസാണ് ഏറ്റവും ഒടുവില്‍ റൂട്ട് മാറ്റിയത്. ഈ ബസിന് യാത്രക്കാരുടെ വാട്സാപ് കൂട്ടായ്മ വരെയുണ്ട്. വര്‍ഷങ്ങളായി ലാഭകരമായി ഓടിക്കൊണ്ടിരിക്കുന്ന ഈ ബസ് മുന്നറിയിപ്പില്ലാതെയാണ് മാറ്റിയത്. ഇത് സ്വകാര്യ ബസ് കമ്പനികളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്.
പുലര്‍ച്ചെ അഞ്ചിന് നെടുങ്കണ്ടത്ത് നിന്നു പുറപ്പെട്ട് അടിമാലി - കോതമംഗലം - മൂവാറ്റുപുഴ - തൊടുപുഴ - ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി - എരുമേലി വഴി ഉച്ചയ്ക്ക് 12 ന് പത്തനംതിട്ടയിലും തിരികെ 12.30 ന് പുറപ്പെട്ട് രാത്രി ഏഴോടെ നെടുങ്കണ്ടത്തും എത്തിയിരുന്ന ഈ ബസ് തൃശൂരിലേക്കാണ് മാറ്റിയത്.
വിവിധ യൂണിയനുകളുമായി ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷം മാത്രമേ റൂട്ടുകള്‍ മാറ്റാന്‍ കഴിയൂവെങ്കിലും എടിഒ ഏകപക്ഷീയമായി റൂട്ടുകള്‍ മാറ്റുകയാണെന്നും ജീവനക്കാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.
പുലര്‍ച്ചെ ആറിന് കോഴിക്കോട് സര്‍വീസ് നടത്തിയിരുന്ന ബസ് പാലക്കാട്ടേക്കും 4:40 ന് കൊട്ടാരക്കരയ്ക്ക് സര്‍വീസ് നടത്തിയിരുന്ന ബസ് ചങ്ങനാശേരിയിലേക്കും മാറ്റി. 21 സര്‍വീസുകള്‍ മാത്രമുള്ള സബ് ഡിപ്പോ മികച്ച സംഘടിത പ്രവര്‍ത്തനത്തിലൂടെ നാലുലക്ഷം രൂപയിലധികം ദിവസ കളക്ഷന്‍ നേടി സംസ്ഥാന തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.
എന്നാലിപ്പോള്‍ സര്‍വീസുകള്‍ മുടങ്ങിയും റൂട്ട് മാറി ഓടിയും സമയക്രമം പാലിക്കാതെയും കിതയ്ക്കുകയാണ് നെടുങ്കണ്ടം ഡിപ്പോ. റൂട്ടുകള്‍ മാറ്റുന്നത് സംബന്ധിച്ച് ഒപ്പുശേഖരണം നടത്തി ഗതാഗത മന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് യാത്രക്കാര്‍.