എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം ഭിന്നശേഷിയിൽ തട്ടിത്തെറിപ്പിക്കരുത്: ടീച്ചേഴ്സ് ഗിൽഡ് ഇടുക്കി രൂപത
1484484
Thursday, December 5, 2024 3:58 AM IST
ചെറുതോണി: വിദ്യാഭ്യാസ മേഖലയിൽ സർക്കാർ സ്കൂളുകൾക്കൊപ്പം ഉത്തരവാദിത്വവും സാമൂഹിക പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന എയ്ഡഡ് സ്കൂളുകളിൽ അധ്യാപക-അനധ്യാപക നിയമനം നടത്തുന്നത് ഭിന്നശേഷി സംവരണത്തിന്റെ പേരിൽ തട്ടിത്തെറിപ്പിക്കരുതെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഇടുക്കി രൂപതാ സമിതി ആവശ്യപ്പെട്ടു.
പട്ടണങ്ങളിൽ മാത്രമല്ല ഗതാഗത സൗകര്യം അശേഷമില്ലാത്ത ഗ്രാമപ്രദേശങ്ങളിൽ പോലും പള്ളികളോടു ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുന്നതിൽ ക്രൈസ്തവ സഭ നേതൃത്വം കൊടുക്കുകയും ആ വിദ്യാകേന്ദ്രങ്ങളിലേക്ക് നാനാജാതി മതസ്ഥരായ വിദ്യാർഥികളെ പ്രവേശിപ്പിക്കുകയും ചെയ്ത ചരിത്രം വിസ്മരിച്ചുകൂടാ.
സമകാലീന കേരളത്തിലെ പല പ്രദേശങ്ങളുടെയും മുഖച്ഛായ മാറ്റിയതിന്റെ പ്രധാന പങ്കുവഹിച്ചത് ഇങ്ങനെ പണിതുയർത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണെന്നുള്ളത് സമൂഹം അംഗീകരിച്ചിട്ടുള്ളതാണ്.
ഇത്തരത്തിലുള്ള വിദ്യാകേന്ദ്രങ്ങളിൽ പുതിയ അധ്യാപക നിയമനത്തിന് പല വിധത്തിലുള്ള കൂച്ചുവിലങ്ങുകളിടുന്നത് അപലപനീയവും പ്രതിഷേധാർഹവുമാണ്. അധ്യാപക, അനധ്യാപക നിയമനത്തിന് യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ അഭാവവും അവരെ കണ്ടെത്താനുള്ള വൈഷമ്യവും പുതിയ അധ്യാപക-അനധ്യാപക നിയമനത്തിന് തടസമാകുന്നതായും യോഗം വിലയിരുത്തി.
കോടതിവിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ നൽകുന്ന ഉത്തരവുകൾ പാലിച്ച് ഭിന്നശേഷി നിയമനം നടത്താൻ ക്രൈസ്തവ മാനേജ്മെന്റ് സ്കൂളുകൾ തയാറാകുമ്പോൾ താത്കാലിക ദിവസവേതനക്കാരായ അധ്യാപകരുടെ ആശങ്കകൾക്ക് അറുതിവരുത്താൻ വിദ്യാഭ്യാസമേഖലയിലെ അധികാരികൾക്ക് സാധിക്കാത്തതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.
രൂപതാ കാര്യാലയത്തിൽ നടന്ന യോഗത്തിൽ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് രൂപത പ്രസിഡന്റ് നോബിൾ മാത്യു അധ്യക്ഷത വഹിച്ചു. രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ. ജോർജ് തകടിയേൽ, സെക്രട്ടറി ബോബി തോമസ്, ട്രഷറർ എബി വർഗീസ്, ഭാരവാഹികളായ എം.വി. ജോർജുകുട്ടി, മനേഷ് സ്കറിയ, മഞ്ജു തോമസ്, സ്മിത മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.